ഡബ്ലിൻ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ച ഐറിഷ് മാദ്ധ്യമത്തെ നിശിതമായി വിമർശിച്ച് അയർലന്റിലെ ഇന്ത്യൻ അംബാസിഡർ. ലോകം മുഴുവൻ ഭീകരാക്രമണത്തെ അപലപിക്കുമ്പോൾ ഇന്ത്യയെ മോശമായി ചിത്രീകരിക്കാനാണ് ഐറിഷ് ടൈംസ് എന്ന മാദ്ധ്യമം ശ്രമിച്ചത് എന്ന് അഖിലേഷ് മിശ്ര പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി പത്രാധിപകർക്ക് അദ്ദേഹം കത്തും കൈമാറിയിട്ടുണ്ട്.
ഭീകരാക്രമണത്തിൽ സഹതപിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്താനാണ് പത്രം ശ്രമിച്ചത്. തീവ്രവാദികൾക്കും അവരുടെ സ്പോൺമാർക്കും വീരപരിവേഷം നൽകുന്ന നടപടിയാണ് പത്രത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഭീകരാക്രമണത്തിൽ അയർലന്റിലെ ഭരണാധികാരികളും ജനങ്ങളും ഇന്ത്യയ്ക്ക് ഒപ്പം നിന്നു. ഇതിനിടെയാണ് പത്രം ഇന്ത്യയെ ഇകഴ്ത്തിക്കാട്ടാൻ ശ്രമിച്ചത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രിൽ 28 ന് ആണ് പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യയെ മോശമായി കാട്ടി പത്രം എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത്.

