ഡബ്ലിൻ: ഇറാനിൽ നിന്നും ഇസ്രായേലിൽ നിന്നുമുള്ള ഐറിഷ് പൗരന്മാരെ തിരികെ നാട്ടിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ച് അയർലന്റ് സർക്കാർ. ഇറാൻ, ഇസ്രായേൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിലാണ് നടപടി. യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിന് പിന്നാലെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് മാദ്ധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്.
ഇരു രാജ്യങ്ങളിൽ നിന്നും അയർലന്റിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്കാണ് സർക്കാർ സൗകര്യം ഒരുക്കുക. ഇരുരാജ്യങ്ങളിലുമായി നിരവധി ഐറിഷ് പൗരന്മാരാണ് വസിക്കുന്നത്. ഇന്ന് രാവിലെ മുതൽ ഇവരിൽ ധാരാളം പേർ അയർലന്റിലേക്ക് തിരികെ മടങ്ങാൻ എംബസിയിൽ നിന്നും സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ഇതേ തുടർന്നാണ് ഇവരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ അയർലന്റ് സർക്കാർ വേഗത്തിലാക്കുന്നത്.