ഡബ്ലിൻ: ആവശ്യമെങ്കിൽ പോലീസുകാർക്ക് പൗരന്മാരുടെ മുഖം മൂടി അഴിച്ച് പരിശോധിക്കാൻ അനുവദിക്കുന്ന വ്യവസ്ഥയ്ക്ക് അനുമതി നൽകി മന്ത്രിസഭ. മുഖം മറച്ചുകൊണ്ടുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് പോലീസുകാർക്ക് മുഖംമൂടി അഴിച്ച് പരിശോധിക്കുന്നതിന് അനുമതി നൽകിയത്. ആവശ്യമെങ്കിൽ മുഖാവരണങ്ങൾ കസ്റ്റഡിയിൽ എടുക്കാനും പോലീസുകാർക്ക് അനുവാദം ഉണ്ട്.
നിയമമന്ത്രി ജിം ഒ കെല്ലഗൻ ആണ് അനുമതി നൽകിയത്. ആദ്യപടിയെന്നോണം പ്രതിഷേധക്കാർക്കിടയിൽ ആയിരിക്കും ഈ വ്യവസ്ഥ നടപ്പിലാക്കുക. പ്രതിഷേധങ്ങളുടെ മറവിൽ നടക്കുന്ന അക്രമ സംഭവങ്ങൾ ചെറുക്കാൻ ഇതിലൂടെ സാധിക്കും.
ഗതാഗത നിയമ ലംഘനം, മോഷണം, ലൈംഗാതിക്രമം തുടങ്ങി കുറ്റകൃത്യങ്ങളിൽ അകപ്പെട്ട നിരവധി പേരെ ഇനിയും പിടിക്കാനുണ്ട്. മുഖം മറച്ച് കുറ്റകൃത്യങ്ങൾ നടത്തുന്നതാണ് പ്രതികളെ പിടികൂടാൻ പോലീസിന് വെല്ലുവിളി ആകുന്നത്. ഈ പശ്ചാത്തലത്തിൽ പുതിയ നിയമം ഏറെ ഗുണം ചെയ്യും.

