ഡബ്ലിൻ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് പിന്നാലെ ഫിയന്ന ഫെയിൽ പാർട്ടിയിൽ കലഹം. ഐറിഷ് പ്രധാനമന്ത്രിയും മുതിർന്ന നേതാവുമായ മീഹോൾ മാർട്ടിനെതിരെ പാർട്ടിയ്ക്കുള്ളിൽ നിന്നും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ മീഹോൾ മാർട്ടിന്റെ പ്രവൃത്തികളിൽ കടുത്ത അതൃപ്തരാണ്.
മീഹോൾ മാർട്ടിന്റെ നിർബന്ധത്തെ തുടർന്നാണ് ഫിയന്ന ഫെയിലിന് ജിം ഗാവിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി അംഗീകരിക്കേണ്ടിവന്നത്. എന്നാൽ കടുത്ത അതൃപ്തിയ്ക്കിടയിലും നേതാക്കൾ ഗാവിനായി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഇതിനിടെയായിരുന്നു വാടക സംബന്ധിച്ച വിവാദത്തിൽ അകപ്പെട്ട് അദ്ദേഹം സ്ഥാനാർത്ഥിത്വം പിൻവലിച്ചത്. ഇത് പാർട്ടിയ്ക്കുള്ളിൽ വലിയ തർക്കത്തിന് കാരണമായി.
സംഭവത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് മീഹോൾ മാർട്ടിൻ രംഗത്ത് എത്തിയെങ്കിലും അദ്ദേഹത്തിനെതിരെ നേതാക്കൾ ഉൾപ്പെടെ നിലപാട് കടുപ്പിച്ചു. അദ്ദേഹത്തെ മടുത്തു എന്ന നിലപാട് പലരും പാർട്ടിയ്ക്കുള്ളിൽ പരസ്യമാക്കിയിട്ടുണ്ട്. നേതൃത്വം നഷ്ടമായാൽ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി സ്ഥാനവും കൈവിടേണ്ടിവരും.

