കൊച്ചി : ശബരിമല സ്വർണ്ണ മോഷണക്കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരായി. കൊച്ചിയിലെ സോണൽ ഓഫീസിൽ ചോദ്യം ചെയ്യലിനായാണ് വാസു ഹാജരായത് . സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട നിർണായക രേഖകളിൽ ഒപ്പിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം നേരത്തെ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.
മാർച്ച് ആദ്യവാരം കേസിൽ ഹാജരാകാൻ എൻ വാസുവിനും തന്ത്രിക്കും ഇഡി നോട്ടീസ് അയച്ചിരുന്നു. മൂന്ന് മാസമായി ജയിലിൽ കഴിഞ്ഞ എൻ വാസുവിനു കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ഇഡിയുടെ നടപടി. വരും ദിവസങ്ങളിൽ കേസിൽ കൂടുതൽ നിർണായക നീക്കങ്ങൾ ഉണ്ടാകുമെന്ന് സൂചനയുണ്ട്. എൻ വാസുവിനു പിന്നാലെ തന്ത്രിയെയും ഇഡി ചോദ്യം ചെയ്യും. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല.
മറ്റ് പ്രതികളെ ചോദ്യം ചെയ്തതിന് ശേഷമേ അന്വേഷണം അദ്ദേഹത്തിലേക്ക് എത്തുകയുള്ളൂ. കേസിൽ സാക്ഷിപ്പട്ടികയിലുള്ള നടൻ ജയറാമിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇഡിയുടെ പ്രതിപ്പട്ടികയിൽ ആകെ 28 പേർ ഉൾപ്പെട്ടിട്ടുണ്ട്. എട്ട് പേർ സാക്ഷിപ്പട്ടികയിലുണ്ട്. കേസിലെ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തതിന് ശേഷം എൻ വാസുവിന്റെയും മറ്റുള്ളവരുടെയും സ്വത്തുക്കൾ മരവിപ്പിക്കാൻ ഇഡി ഇതിനകം നടപടികൾ സ്വീകരിച്ചിരുന്നു. നേരിട്ടുള്ള ചോദ്യം ചെയ്യൽ പ്രക്രിയയിലെ ഏറ്റവും പുതിയ ഘട്ടമാണിത്. പട്ടികയിലുള്ള ഓരോ പ്രതിയെയും വരും ദിവസങ്ങളിൽ ഇഡി വിളിച്ചുവരുത്തും.

