ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ സൈനിക, സുരക്ഷാ പ്രവർത്തനങ്ങൾക്ക് നിരോധനമേർപ്പെടുത്തി ലെബനൻ . ഹിസ്ബുള്ളയുടെ റോക്കറ്റ്, ഡ്രോൺ ആക്രമണത്തിന് മറുപടിയായി ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി നവാഫ് സലാമിന്റെ ഈ പ്രഖ്യാപനം. ഗ്രൂപ്പിനെ രാഷ്ട്രീയ മേഖലയിലേക്ക് പരിമിതപ്പെടുത്തി.
“ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നിരോധനം പ്രഖ്യാപിക്കുകയും രാഷ്ട്രീയ മേഖലയിൽ അതിന്റെ പങ്ക് പരിമിതപ്പെടുത്തുകയും ചെയ്യുന്നു,” സലാം പറഞ്ഞു. “നിയമപരമായ സ്ഥാപനങ്ങളുടെ ചട്ടക്കൂടിന് പുറത്ത് ലെബനൻ പ്രദേശത്ത് നിന്ന് നടത്തുന്ന ഏതെങ്കിലും സൈനിക അല്ലെങ്കിൽ സുരക്ഷാ പ്രവർത്തനങ്ങൾ ഞങ്ങൾ നിരസിക്കുന്നു.”എന്നും സലാം പറഞ്ഞു.
എല്ലാ ഹിസ്ബുള്ള സൈനിക പ്രവർത്തനങ്ങളെയും “നിയമവിരുദ്ധം” എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, ലെബനൻ പ്രദേശത്ത് നിന്ന് നടക്കുന്ന ഹിസ്ബുള്ള ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയോട് നിർദേശിക്കുകയും ചെയ്തു. ശത്രുത അവസാനിപ്പിക്കുന്നതിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള ലെബനന്റെ പ്രതിബദ്ധതയും അദ്ദേഹം വ്യക്തമാക്കി . ലെബനന്റെ സുരക്ഷയെ അപകടത്തിലാക്കുന്നതും ഇസ്രായേലിന് ആക്രമണം തുടരാൻ അവസരമൊരുക്കുന്നതുമായ നിരുത്തരവാദപരവും സംശയാസ്പദവുമായ പ്രവൃത്തി എന്നാണ് ഹിസ്ബുള്ള ആക്രമണങ്ങളെ പ്രധാനമന്ത്രി വിശേഷിപ്പിക്കുന്നത് .
ഖമേനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഹിസ്ബുള്ള ആക്രമണം നടത്തിയതോടെ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ ലെബനനിലെ പ്രദേശങ്ങളിലും ഇസ്രായേൽ ബോംബാക്രമണം നടത്തി . ഇതിൽ 30 ലധികം പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ സർക്കാർ നടത്തുന്ന ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ബെയ്റൂട്ടിൽ രാത്രിയിൽ നടന്ന ആക്രമണത്തിൽ ഹിസ്ബുള്ളയുടെ ഇന്റലിജൻസ് ആസ്ഥാനത്തിന്റെ തലവനായി അറിയപ്പെടുന്ന ഹുസൈൻ മക്ലെഡ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം പറഞ്ഞു.

