ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ വ്യാജ അപകടം സൃഷ്ടിച്ച് പരിഭ്രാന്തി സൃഷ്ടിക്കുന്ന സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്. ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് നടപടി. മൂന്നംഗ സംഘമാണ് ഇത്തരം അപകടം സൃഷ്ടിക്കുന്നതിന് പിന്നിൽ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
പ്ലാസ്റ്റിക് ബാഗുകൾ മനുഷ്യരൂപത്തിലാക്കി അതിൽ കെച്ചപ്പ് നിറച്ച് കാറുകൾക്ക് മുൻപിലേക്ക് എറിഞ്ഞാണ് അക്രമി സംഘം അപകടം സൃഷ്ടിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച മിൽഫോർഡ് ഗ്രാമത്തിലെ ക്രാൻഫോർഡിൽ കാറിന് നേരെ പ്രതികൾ പ്ലാസ്റ്റിക് രൂപം വലിച്ചെറിഞ്ഞിരുന്നു. ആരെയോ വണ്ടിയിടിച്ചതായി ഭയന്ന ഡ്രൈവർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പ്ലാസ്റ്റിക് ബാഗ് കണ്ടത്. സംഭവത്തിൽ കാറിന് സാരമായ കേടുപാടുകൾ ഉണ്ടായി. സംഘത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

