ഡബ്ലിൻ: അപൂർവ്വയിനത്തിൽപ്പെട്ട ഒകാപി കാഫ് ജനിച്ച വാർത്ത പുറത്തുവിട്ട് ഡബ്ലിൻ സൂ. ജനിച്ച് മൂന്ന് മാസം പിന്നിട്ട ശേഷമാണ് ഈ സന്തോഷവാർത്ത സൂ അധികൃതർ മറ്റുള്ളവർക്കായി പങ്കുവച്ചിരിക്കുന്നത്. അയർലന്റിൽ ജനിക്കുന്ന മൂന്നാമത്തെ ഒകാപി കാഫ് ആണ് ഇത്.
ഏപ്രിൽ 18 ദു:ഖവെള്ളി ദിനത്തിലാണ് പശുക്കുട്ടിയുടെ ജനനം എന്നാണ് സൂ അധികൃതർ വ്യക്തമാക്കുന്നത്. അന്ന് മുതൽ പ്രത്യേക കേന്ദ്രത്തിൽ ഇതിനെ പരിചരിച്ചുവരികയായിരുന്നു. സ്വയം ഓടാനും നടക്കാനുമുള്ള ശക്തി കൈവരിച്ചതോടെയാണ് കാഫിന്റെ ജനനം പുറംലോകത്തെ അറിയിക്കാൻ അധികൃതർ തീരുമാനിച്ചത്. പത്തുവയസ്സുള്ള ലുമാറയാണ് ഒകാപി കാഫിന് ജന്മം നൽകിയത്.
ഫോറസ്റ്റ് ജിറാഫ് എന്നും അറിയപ്പെടുന്ന ഇനമാണ് ഒകാപി. സെൻട്രൽ ആഫ്രിക്കയിലെ കോംഗോയാണ് ഈ ഇനത്തിന്റെ ദേശം. ആയുർദൈർഘ്യമാണ് മറ്റ് കന്നുകാലി ഇനങ്ങളിൽ നിന്നും ഇവയെ വ്യത്യസ്തമാക്കുന്നത്. 20 മുതൽ 30 വർഷം വരെയാണ് ഒകാപിയുടെ ആയുർദൈർഘ്യം.

