ഡബ്ലിൻ: ട്രെയിൻ യാത്രയിൽ നേരിടുന്ന പ്രശ്നങ്ങൾ അറിയിക്കാനായി ഐറിഷ് റെയിൽ ആരംഭിച്ച ടെക്സ്റ്റ് ലൈനിലേക്ക് കഴിഞ്ഞ വർഷം ലഭിച്ചത് നാലായിരത്തിലധികം പരാതികൾ. 4300 പരാതികളാണ് ടെക്സ്റ്റ് ലൈനിലേക്ക് കഴിഞ്ഞവർഷം ലഭിച്ചതെന്നാണ് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നത്. ലഹരി ഉപയോഗം, മലമൂത്ര വിസർജ്ജനം, ലൈംഗിക ഉപദ്രവം എന്നിവ സംബന്ധിച്ച പരാതികൾ ഇതിൽ ഉൾപ്പെടുന്നു.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകൾക്കുള്ളിലും ലഹരി ഉപയോഗിക്കുന്നത് നിത്യസംഭവമാണെന്നാണ് വിവരാവകാശരേഖയിൽ വ്യക്തമാകുന്നത്. കുട്ടികൾ ട്രെയിനുകളിൽ കഞ്ചാവ് വലിച്ചതുമായി ബന്ധപ്പെട്ട പരാതിയും ഐറിഷ് റെയിൽ ടെക്സ്റ്റ് ലൈനിന് ലഭിച്ചിട്ടുണ്ട്. മദ്യപിച്ച് മറ്റ് യാത്രികരെ ആളുകൾ ഉപദ്രവിക്കുന്ന സംഭവങ്ങളും നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നഗ്നതാ പ്രദർശനവും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.