ഡബ്ലിൻ: അയർലൻഡിൽ കൊക്കെയ്ൻ ഉപയോഗം മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിക്കുന്നു. ലഹരി ചികിത്സാ കേന്ദ്രമായ കൂൾമൈനിൽ ഇതുവരെ ചികിത്സ തേടി എത്തിയവരിൽ ഭൂരിഭാഗവും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണെന്നാണ് പുറത്തുവരുന്ന വിവരം. ഇതുവരെ ചികിത്സ തേടി എത്തിയവരിൽ 36 ശതമാനം പേരും കൊക്കെയ്ൻ ഉപയോഗിക്കുന്നവരാണ്.
രാജ്യത്ത് കൊക്കെയ്ൻ ഉപയോഗം വർദ്ധിക്കുന്നതായി അടുത്തിടെ റട്ട്ലാൻഡ് സെന്ററും, ഹെൽത്ത് റിസർച്ച് ബോർഡും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂൾമൈനും വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. അർദ്ധവാർഷിക റിപ്പോർട്ടിലാണ് വിശദാംശങ്ങൾ.
കൊക്കെയ്ൻ കഴിഞ്ഞാൽ മദ്യം കഴിക്കുന്നവരാണ് ഏറ്റവും കൂടുതലായി ഇവിടെ ചികിത്സ തേടി എത്തിയിട്ടുള്ളത്. ആകെയുള്ളവരിൽ 30 ശതമാനമാണ് ഇത്. ഈ വർഷം ആദ്യ ആറ് മാസത്തിൽ 1,153 പേർക്ക് ചികിത്സ നൽകി.

