ഡബ്ലിൻ: അയർലൻഡിൽ ബട്ടറിന്റെ വിലയിൽ വലിയ വർദ്ധനവ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു പൗണ്ട് ബട്ടറിന്റെ വില മുൻപെങ്ങുമില്ലാത്ത വിധം വർദ്ധിച്ചെന്നാണ് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ 12 മാസത്തിനിടെ ഒരു പൗണ്ട് വെണ്ണയ്ക്ക് ഉപഭോക്താക്കൾ നൽകുന്ന ശരാശരി വില 1.08 യൂറോയായി വർദ്ധിച്ചു.
രാജ്യത്ത് കഴിഞ്ഞ ഒരു വർഷത്തിനിടെ അവശ്യസാധനങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ഈ വിലവർദ്ധനവാണ് വെണ്ണയിലും പ്രകടമായിരിക്കുന്നത്. സിഎസ്ഒയുടെ ഉപഭോക്തൃ വില സൂചിക പ്രകാരം കഴിഞ്ഞ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൽ 2025 ജൂലൈയിൽ അവശ്യസാധനങ്ങളുടെ വിലയിൽ 1.7 ശതമാനത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
ഭക്ഷണം, ആൽക്കഹോളിക് അല്ലാത്ത പാനീയങ്ങൾ എന്നിവയുടെ വിലയാണ് അതിവേഗത്തിൽ വർദ്ധിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞ ഉത്പന്നങ്ങൾക്ക് 4.7 ശതമാനത്തിന്റെ വില വർദ്ധനവ് ഉണ്ടായപ്പോൾ മദ്യം, പുകയില എന്നിവയുടെ വില 3 ശതമാനം വർദ്ധിച്ചു.
അതേസമയം രാജ്യത്ത് വസ്ത്രം, ചെരുപ്പ് എന്നിവയുടെ വില കുറഞ്ഞു. 2.4 ശതമാനത്തിന്റെ കുറവാണ് വിലയിൽ ഉണ്ടായിട്ടുള്ളത്. വിതരണത്തിനായുള്ള ചിലവ് 2.8 ശതമാനം കുറഞ്ഞതാണ് ഉത്പന്നങ്ങളുടെ വില കുറയാൻ കാരണം.

