കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനിയടക്കം 6 പ്രതികൾക്കും 20 വർഷം തടവ് . പ്രതികൾ 50,000 രൂപ പിഴയും അടയ്ക്കണം. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം . അതിജീവിതയ്ക്ക് പിഴത്തുകയിൽ നിന്ന് അഞ്ച് ലക്ഷം രൂപ നൽകണം .
ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാൽ മതി.പ്രോസിക്യൂഷന്റെയും, പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്.
കുറ്റത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രതികൾ. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്ട്ടിന് ആന്റണി, മൂന്നാം പ്രതി മണികണ്ഠന്, നാലാം പ്രതി വിജീഷ് വിപി, അഞ്ചാം പ്രതി വടിവാള്‍ സലീം, ആറാം പ്രതി പ്രദീപ് എന്നിവര്‍ കുറ്റക്കാരെന്നാണ് തെളിഞ്ഞത്.കൂട്ടബലാൽസഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞെന്ന് കോടതിയിൽ പറയുന്നു
രണ്ടാം പ്രതി മാർട്ടിൻ വിധി കേട്ടതോടേ പൊട്ടിക്കരഞ്ഞു . ശിക്ഷ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് മാർട്ടിൻ കരഞ്ഞത് . മാർട്ടിന് പതിമൂന്നര വർഷം ജയിലിൽ കഴിയേണ്ടി വരും . ബാക്കിയുള്ള പ്രതികൾക്ക് 15 വർഷം ജയിലിൽ കഴിയേണ്ടി വരും . ഒന്നാം പ്രതി പൾസർ സുനി ഏഴര വർഷം വിചാരണ തടവുകാരനായി കഴിഞ്ഞതുകൊണ്ട് ബാക്കി 12.5 വർഷം കൂടി തടവ് അനുഭവിച്ചാൽ മതി.
പ്രതികളെ എല്ലാവരെയും വിയ്യൂർ ജയിലിലേയ്ക്ക് അയക്കും . ജയിൽ മാറ്റം വേണമെങ്കിൽ അപേക്ഷ നൽകാവുന്നതാണ് . പ്രതികൾക്ക് റിമാൻഡ് കാലത്തെ തടവ് ഇളവു ചെയ്തു കൊടുത്തു. ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവിന്റെ പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് സേഫ് കസ്റ്റഡിയിൽ വയ്ക്കണമെന്നും കോടതി പറഞ്ഞു.
തിങ്കളാഴ്ച്ച വന്ന വിധിയിൽ കേസിൽ എട്ടാം പ്രതിയായ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയിരുന്നു . ദിലീപും പള്‍സര്‍ സുനിയും തമ്മിലുളള ഗൂഢാലോചനയുടെ ഫലമായാണ് നടി ആക്രമിക്കപ്പെട്ടത് എന്ന പ്രോസിക്യൂഷന്റെ വാദവും കോടതി തള്ളിയിരുന്നു .
മലയാള സിനിമയിലെ പ്രമുഖ നായികാതാരത്തെ കാർ തടഞ്ഞുനിർത്തി ഉപദ്രവിച്ചതായാണ് കേസ് . അങ്കമാലിയിലെ അത്താണിക്കു സമീപത്തായിരുന്നു സംഭവം. കാറിൽ അതിക്രമിച്ചു കയറിയ സംഘം നടിയെ ശാരീരികമായി ആക്രമിക്കുന്നതിന്റെ വീഡിയോയും പകർത്തി. തുടർന്ന്, സംവിധായകൻ ലാലിന്റെ വീട്ടിലെത്തിയ നടി വിവരം പറഞ്ഞു. ലാൽ പി.ടി.തോമസ് എംഎൽഎയെ വിവരമറിയിച്ചു. അദ്ദേഹമാണ് പൊലീസിനെ അറിയിച്ചത്.

