ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ പക്ഷികൾ വിമാനങ്ങളിലിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 278 സംഭവങ്ങളാണ് വിമാനത്താവളത്തിൽ ഉണ്ടായത്. പക്ഷികളെ റൺവേകളിൽ നിന്നും ഭയപ്പെടുത്തി ഓടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി 6 ലക്ഷം യൂറോ വിമാനത്താവളം ചിലവഴിക്കുമ്പോൾ തന്നെയാണ് അപകടങ്ങൾ വർദ്ധിക്കുന്നതും.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മുയലുകൾ വിമാനങ്ങളെ ഇടിച്ച 42 സംഭവങ്ങൾ ഉണ്ടായി. ഇതിന് പിന്നാലെ മുയലുകളെ വിക്ലോയിലേക്കും കിൽഡെയറിലേക്കും മാറ്റുന്ന ക്യാച്ച്-ആൻഡ്-റിലീസ് പ്രവർത്തനങ്ങൾ ഡബ്ലിൻ എയർപോർട്ട് അതോറിറ്റി ആരംഭിച്ചു.
പക്ഷികൾ വിമാനങ്ങളിൽ ഇടിച്ച് ഉണ്ടാകുന്ന അപകടങ്ങൾ അൽപ്പം ഗൗരവമേറിയതാണ്. ഇത്തരം സംഭവങ്ങൾ വിമാനത്താൽ സാരമായ കേടുപാടുകൾ ഉണ്ടാക്കുന്നതിന് പുറമേ എൻജിൻ തകരാറുകൾക്കും കാരണമാകും. ടേക്ക് ഓഫിനിടെയോ ലാൻഡിംഗിനിടെയോ ആകാം പക്ഷിയിൽ ഇടിച്ചുള്ള അപകടങ്ങൾ ഉണ്ടാകാറുള്ളത്.

