കോർക്ക്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച കോർക്കിലെ ഫോട്ട വൈൽഡ് ലൈഫ് പാർക്കിൽ സ്ഥിതിഗതികൾ സങ്കീർണം. പാർക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിടാനുള്ള തീരുമാനം പാർക്കിലെ ജീവനക്കാരെയും വരുമാനത്തെയും പ്രതികൂലമായി ബാധിക്കും. 100 ഏക്കറോളം വരുന്ന പാർക്കിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചത് എല്ലാവരിലും വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് ഫോട്ട വൈൽഡ്ലൈഫ് പാർക്ക് ഡയറക്ടർ എലീൻ ടെന്നന്റ് വ്യക്തമാക്കി.
പാർക്കിന്റെ നടത്തിപ്പിന് വലിയ തുക ചിലവാകുന്നുണ്ടെങ്കിലും നല്ല വരുമാനവും ലഭിക്കുന്നുണ്ട്. റേഞ്ചർമാരും കൺസർവേഷൻ സ്റ്റാഫുകളും ഉൾപ്പെടെ 70 മുഴുവൻ സമയ ജീവനക്കാരാണ് ഇവിടെയുള്ളത്. ഇത് എല്ലാവരെയും സംബന്ധിച്ച് വളരെ ആശങ്ക നിറഞ്ഞ ദിവസങ്ങളാണെന്നും എലീൻ ടെന്നന്റ് കൂട്ടിച്ചേർത്തു.

