ഡബ്ലിൻ: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്ന പ്രൊഫൈലുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ടിക്ക് ടോക്ക് ഉറപ്പ് നൽകിയതായി ഫിയന്ന ഫെയിൽ പ്രസിഡന്റ് സ്ഥാനാർത്ഥി ജിം ഗാവിൻ. എൽഎംഎഫ്എം റേഡിയോ സ്റ്റേഷന്റെ അജണ്ട ഷോയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു ജിം ഗാവിന്റെ പ്രതികരണം. വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നതിനെ സാധാരണവത്കരിക്കാൻ കഴിയില്ലെന്നും ജിം ഗാവിൻ കൂട്ടിച്ചേർത്തു.
തെറ്റായ വിവരങ്ങളെ തെറ്റായ വിവരങ്ങൾ എന്ന് മാത്രം പറയാൻ സാധിക്കുകയില്ല. അത് കള്ളങ്ങൾ കൂടിയാണ്. അതുകൊണ്ട് തന്നെ ഇതിനെ സാധാരണവത്കരിക്കുക സാധ്യമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രം ആയിരുന്നു ഇതുവരെ ശ്രദ്ധ. ഇതിനിടെയാണ് കൂട്ടുകാരും കുടുംബാംഗങ്ങളും ഈ വിഷയം തന്നെ ശ്രദ്ധയിൽപ്പെടുത്തിയത്. ഇത് അവസാനിപ്പിക്കണമെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

