ലിമെറിക്ക്: ലിമെറിക്കിൽ ഒരു വീട്ടിൽ 18 ഇന്ത്യൻ വിദ്യാർത്ഥികൾക്ക് താമസിക്കേണ്ടിവന്ന സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവം വലിയ ചർച്ചയ്ക്കും വിമർശനങ്ങൾക്കും വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രതിസന്ധിയിലായ വിദ്യാർത്ഥികൾ നിലവിൽ മറ്റൊരു സ്ഥലത്താണ് താമസിക്കുന്നത്.
നാല് മുതൽ ആറ് വിദ്യാർത്ഥികൾ മാത്രമേ ഒപ്പം താമസിക്കാൻ ഉണ്ടാകുവെന്നാണ് വീട്ടുടമയായ വ്യക്തി വിദ്യാർത്ഥികളോട് പറഞ്ഞിരുന്നത്. ഇവരിൽ നിന്നും 500 യൂറോയും ഇയാൾ അഡ്വാൻസ് ആയി കൈപ്പറ്റി. രണ്ട് ബെഡ് റൂമും ലിവിംഗ് ഏരിയയും ഉൾപ്പെടുന്നതാണ് വീട്. എന്നാൽ ഇവിടെ വഞ്ചിതരായ 18 വിദ്യാർത്ഥികൾക്ക് ഒന്നിച്ച് താമസിക്കേണ്ടതായി വന്നു.
ആറ് പേർ ഗ്രൗണ്ട് ഫ്ളോറിലും ആറ് പേർ ഒന്നാം നിലയിലും ആറ് പേർ അറ്റിക് സ്പേയ്സിലുമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ഒരു അടുക്കളയാണുണ്ടായിരുന്നത്. അതിനാൽ പലരും അവരവരുടെ മുറികളിൽ ആയിരുന്നു ഭക്ഷണം പാകം ചെയ്തിരുന്നത്. പ്രാദേശിക മാധ്യമങ്ങൾ ആയിരുന്നു ഈ വിവരം പുറത്തുകൊണ്ടുവന്നത്.

