ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം അടപ്പിച്ചത് മൂന്ന് ഭക്ഷണ ശാലകൾ. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന പരിശോധനയും നടപടിയും തുടരുമെന്ന് അയർലൻഡ് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
വൈറ്റ് സാൻഡ് ഹോട്ടൽ, ഫിംഗ്ലാസിലെ ഷംറോക്ക് ലോഡ്ജിലെ കിച്ചൺ, ഡബ്ലിൻ 22 ലെ ചില്ലേഴ്സ് റെസ്റ്റോറന്റ് ആൻഡ് ലോഞ്ച് എന്നിവയാണ് അടച്ച് പൂട്ടിയത്. അടുക്കളയിൽ എലികളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് വൈറ്റ് സാൻഡ് ഹോട്ടൽ അടച്ച് പൂട്ടിയത്. അടുക്കളയിലെ മേൽക്കൂരയുടെ കേടുപാടുകൾ ശരിയാക്കാത്തതിനെ തുടർന്നാണ് ഷാംറോക്ക് ലോഡ്ജിന്റെ അടുക്കള പൂട്ടിച്ചത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിനെ തുടർന്നാണ് ചില്ലേഴ്സ് റെസ്റ്റോറന്റ് അടച്ച് പൂട്ടിയത്.

