തിരുവനന്തപുരം ; സി എം ആർ എല്ലിനോട് സേവനം നൽകിയതിന്റെ രേഖകൾ ചോദിച്ച എസ് എഫ് ഒയോട് സേവനം സംബന്ധിച്ച ആശയവിനിമയമല്ലാം നേരിട്ടായിരുന്നുവെന്നും ഒന്നിനും രേഖകൾ ഇല്ലെന്നും വീണ വിജയന്റെ മറുപടി. ശശിധരൻ കർത്തായും ടീമുമായും നേരിട്ടാണ് ഐടി കാര്യങ്ങൾ ചർച്ച ചെയ്തിരുന്നതെന്നാണ് വീണ അന്വേഷണ സംഘത്തോട് പറഞ്ഞത്.
യോഗങ്ങളുടെ മിനിറ്റ്സ് ഉൾപ്പെടെ ഒന്നിനും രേഖകൾ ഇല്ല . വർഷങ്ങൾക്ക് മുൻപേ എക്സലോജിക് കമ്പനി അടച്ച് പൂട്ടിയതിനാൽ കമ്പനിയിലെ കമ്പ്യൂട്ടറിൽ ആശയവിനിമയത്തിന്റെ രേഖകളും ഒന്നും ഉണ്ടാവില്ല . എസ് എഫ് ഐ ഒ എറണാകുളത്തെ പ്രത്യേക കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് വീണയുടെ മൊഴികളും വ്യക്തമായത്.
സി എം ആർ എല്ലിൽ നിന്ന് ആകെ 2.78 കോടി രൂപ എക്സലോജിൽ കൈപ്പറ്റിയെങ്കിലും യാതൊരു സേവനവും നൽകിയിട്ടില്ലെന്ന് എസ് എഫ് ഐ ഒ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എക്സലോജിക് ജീവനകകർ , സി എം ആർ എൽ ഐ ടി മേധാവി , വീണ എന്നിവർ ഇതനുസരിച്ചാണ് മൊഴി നൽകിയത്. കരാർ പ്രകാരം സേവനം നൽകിയതിനാണ് വീണയ്ക്കും, കമ്പനിയ്ക്കും സിഎം ആർ എൽ പണം നൽകിയതെന്നാണ് സിപിഎം പറയുന്നത്.
ഐടി കൺസൽറ്റൻസി സേവനത്തിൽ സിഎം ആർ എല്ലിൽ അല്ലാതെ മറ്റ് അനുഭവ പരിചയമില്ലെന്നാണ് വീണ നൽകിയ മൊഴി. നേരിട്ട് സംസാരിക്കുന്നതിനായിരുന്നു സി എം ആർ എൽ മാനേജ്മെന്റിന് താല്പര്യം . അതുകൊണ്ട് മെയിലിൽ ഇത്തരം ആശയവിനിമയങ്ങൾ നടത്തിയില്ല. ഐ ടി കൺസൾട്ടന്റ് എന്ന നിലയിൽ സിഎം ആർ എല്ലിന്റെ കമ്പ്യൂട്ടർ സിസ്റ്റവും , സെർവറും , എച്ച് ആർ സോഫ്റ്റ് വെയറും പരിപാലിക്കുന്നതിനുള്ള ഉപദേശമാണ് നൽകിയത്.
സിഎം ആർ എല്ലിന് വേണ്ടിയുള്ള ഇ ആർ പി സോഫ്റ്റ് വെയർ ഡിസൈനിംഗിനു വേണ്ടിയാണ് 2017 മുതൽ 2019 വരെയുള്ള സമയം എക്സലോജിക് കമ്പനി ഉപയോഗിച്ചതെന്നുമാണ് വീണ നൽകിയ മൊഴി.

