ന്യൂഡൽഹി : ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയണെന്ന് കരസേനാമേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ശത്രുതയിൽ താൽക്കാലികവിരാമം ഉണ്ടായിട്ടുണ്ടെങ്കിഉം ഭാവിയിൽ ഉണ്ടായേക്കാവുന്ന ഏതൊരു സാഹചര്യത്തെയും നേരിടാൻ സൈന്യം അതീവ ജാഗ്രതയോടെയാണ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാഹചര്യം ആവശ്യപ്പെടുകയാണെങ്കിൽ ഓപ്പറേഷൻ സിന്ദൂർ 2.0 നടപ്പിലാക്കാൻ കര, നാവിക, വ്യോമസേനകൾ സജീവമായി തയ്യാറാകുന്നുണ്ട്. മൂന്ന് സേനകൾ തമ്മിലുള്ള് ഏകോപനം ശക്തിപ്പെടുത്തുന്നതിനും,ഭാവിയിലെ യുദ്ധമുറകൾക്കനുസരിച്ച് പോരാട്ടവീര്യം മെച്ചപ്പെടുത്തുന്നതിനുമാണിപ്പോൾ പ്രത്യേകശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആധുനിക യുദ്ധക്കളങ്ങൾ അത്യന്തം സുതാര്യമാണ് . നിരീക്ഷണ സംവിധാനങ്ങളുടെ കരുത്തിൽ ശത്രുക്കളുടെ ഓരോ നീക്കവും 24 മണിക്കൂറും തത്സമയം അറിയാൻ സാധിക്കും . ഇന്റലിജൻസ് കഴിവുകൾ വർധിച്ചതോടെ അതിർത്തി മേഖലകളിലെ സൈനിക വിന്യാസത്തിലും, ആസൂത്രണത്തിലും കൂടുതൽ ജാഗ്രതയും സുരക്ഷയും ആവശ്യമാണ്.
രാജ്യം ഒന്നടങ്കം വിശ്വസനീയമായ വിവരസ്രോതസുകളിൽ വിശ്വാസമർപ്പിക്കുന്നത് വിജയത്തിന് അത്യാന്താപേക്ഷിതമാണ് . ജനങ്ങൾക്കിടയിലുള്ള വിശ്വാസവും, ഐക്യവുമാണ് പ്രതിസന്ധിഘട്ടങ്ങളിൽ രാജ്യത്തിന്റെ കരുത്ത് വർധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

