തിരുവനന്തപുരം ; വെഞ്ഞാറമൂട്ടിൽ എഞ്ചിനീയറിംഗ് കോളേജിൽ ആനുവൽ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ വിദ്യാർത്ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. വെഞ്ഞാറമൂട് എം എ എഞ്ചിനീയറിംഗ് കോളേജിലാണ് കഴിഞ്ഞ ഞായറാഴ്ച്ച ആക്രമണമുണ്ടായത് . കോളേജിലെ വിദ്യാർത്ഥിയും, ചെങ്കോട്ടുകോണം സ്വദേശിയുമായ അൽ അമീനാണ് (20) മർദ്ദനമേറ്റത് . ആക്രമണത്തിൽ അൽ അമീന്റെ ഇടത് കണ്ണിന്റെ റെറ്റിന തകർന്നു.
കഴിഞ്ഞ ഞായറാഴ്ച്ച കോളേജ് വാർഷികാഘോഷ പരിപാടിയ്ക്കിടെ പുറത്ത് നിന്നെത്തിയ മദ്യപസംഘം കോളേജിലെ വിദ്യാർത്ഥികളുമായി തർക്കമുണ്ടാക്കിയിരുന്നു. ഇതിനിടെ വിദ്യാർത്ഥികളെ മർദ്ദിക്കുകയും ചെയ്തു. കൂർത്ത ഇടിവള ഉപയോഗിച്ച് അൽ അമീന്റെ മുഖത്ത് മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് അൽ അമീനെ ആശുപത്രിയിലാക്കിയത്.
ഇടത് കണ്ണിന് ഗുരുതരമായി പരിക്കേറ്റ അൽ അമീനെ ശസ്ത്രക്രിയയ്ക്കും വിധേയനാക്കി. സംഭവത്തിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. ശിവജിത്ത്, നിഥിൻ , മറ്റ് കണ്ടാലറിയാവുന്ന നാലു പേർ എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

