പനീർ ഒരു പ്രധാന പ്രോട്ടീൻ അധിഷ്ഠിത ഭക്ഷണമാണ്, പ്രത്യേകിച്ച് സസ്യാഹാരികൾക്ക് . രുചി, പോഷകാഹാരം, വൈവിധ്യമാർന്ന വിഭവങ്ങൾ എന്നിവ കാരണം പനീറിന് വലിയ ഡിമാൻഡാണ്. എങ്കിലും അടുത്തിടെ പനീറിൽ വ്യാപകമായ മായം ചേർക്കൽ നടക്കുന്നു . ലാഭത്തിനുവേണ്ടി, ചില നിർമ്മാതാക്കളും വിതരണക്കാരും പനീറിൽ കൃത്രിമ വസ്തുക്കൾ കലർത്തുന്നു. ഇത് ആരോഗ്യത്തിന് അപകടകരമാണ്. ചണ്ഡീഗഡിൽ അടുത്തിടെ നടത്തിയ പരിശോധനയിൽ 450 കിലോയിലധികം വ്യാജ പനീർ പിടിച്ചെടുത്തിരുന്നു.
പനീറിൽ മൈദ ചേർക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. ഇത് പോഷകമൂല്യം കുറയ്ക്കുകയും ദഹനപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യും.ചിലർ യൂറിയയോ ഡിറ്റർജന്റോ ചേർത്ത് പാലിൽ നിന്ന് പനീർ ഉണ്ടാക്കുന്നു. ഇത് കഴിക്കുന്നത് ഛർദ്ദി, വയറുവേദന, അവയവങ്ങളുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും.ഫോർമാലിൻ പോലുള്ള രാസവസ്തുക്കളും കാലയളവ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കാറുണ്ട് . ഇത് കാൻസർ, കരൾ രോഗം , കടുത്ത അലർജി എന്നിവയ്ക്ക് കാരണമാകും. പാലിന് പകരം പാൽ പൊടിയോ, കണ്ടൻസ്ഡ് മിൽക്കോ ഉപയോഗിച്ച് ഉണ്ടാക്കുന്ന പനീറിന് സ്വാഭാവിക ഗുണങ്ങൾ കുറവാണ്.
ഒരു ചെറിയ കഷണം വിരൽ കൊണ്ട് അമർത്തിയാൽ ശുദ്ധമായ പനീറാണെങ്കിൽ അതിന്റെ ആകൃതിയിൽ തന്നെ നിലനിൽക്കും. എന്നാൽ വ്യാജ പനീർ അമർത്തുമ്പോൾ പൊട്ടിപ്പോകും. സാക്ഷ്യപ്പെടുത്തിയ ബ്രാൻഡുകളിൽ നിന്ന് പനീർ വാങ്ങുന്നതാണ് നല്ലത്. പായ്ക്കിലെ നിർമ്മാണ തീയതി, ഭക്ഷ്യ ലൈസൻസ് നമ്പർ, പരിശുദ്ധി സർട്ടിഫിക്കറ്റുകൾ എന്നിവ പരിശോധിക്കുക.

