കണ്ണൂർ ; കെഎസ്യു കരിങ്കൊടി പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വിദഗ്ധ സംഘം പരിശോധിച്ചു. പരിയാരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധിച്ചത്. മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്
കഴുത്തിന് ക്ഷതമെന്നും വിദഗ്ധ പരിശോധന വേണമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. എംആർഐ സ്കാനിംഗിനും നിർദേശിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കളും ആശുപത്രിയിൽ വീണാ ജോർജിനെ സന്ദർശിച്ചു.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെ കെഎസ്യുവിന്റെ പ്രതിഷേധം നടന്നത് . മന്ത്രിയുടെ സുരക്ഷാജീവനക്കാരെ മറികടന്ന് പ്രവർത്തകർ കെഎസ്യു പ്രവർത്തകർ, മന്ത്രിയുടെ അടുത്തെത്തി. പ്രതിഷേധത്തിനിടെയാണ് മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റത്.
വീണാ ജോർജിന് നേരെ ഇന്ന് പ്രതിപക്ഷയുവജന സംഘടനകൾ കണ്ണൂരിലെ വിവിധയിടങ്ങളിൽ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്നത്.

