ലണ്ടൻ: പാരസെറ്റമോൾ ഗുളികകൾ അമിതമായി കഴിച്ച യുവതി മരിച്ച സംഭവം വിവാദമാകുന്നു. ബ്രിട്ടനിലെ വിഡ്നസ് പട്ടണത്തിലാണ് സംഭവം . ലോറ ഹിഗ്ഗിസൺ (30) എന്ന സ്ത്രീയാണ് മരിച്ചത്. 2017 ഏപ്രിൽ 19 ന് നടന്ന ഈ സംഭവം അടുത്തിടെയാണ് പുറത്തായത്.
ന്യുമോണിയ ബാധിച്ച ലോറയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 40 കിലോ മാത്രം തൂക്കമുള്ള യുവതിയ്ക്ക് അമിത അളവിലാണ് പാരസെറ്റാമോൾ ഗുളികകൾ നൽകിയത് . ഇതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
വൃക്ക, കരൾ ,പാൻക്രിയാസ് എന്നീ അവയവങ്ങൾ തകരാറിലായതാണ് ലോറയുടെ മരണകാരണമെന്ന് കണ്ടെത്തി.തലവേദനയ്ക്കും പനിക്കും ഡോക്ടർമാർ പാരസെറ്റമോൾ സപ്ലിമെൻ്റുകൾ നിർദ്ദേശിക്കാറുണ്ട്. മിതമായ അളവിൽ എടുക്കുമ്പോൾ ഇവ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.
ഇവയുടെ അമിതമായതോ നീണ്ടുനിൽക്കുന്നതോ ആയ ഉപയോഗം പല പാർശ്വഫലങ്ങൾക്കും ഇടയാക്കും. ഓക്കാനം, വയറുവേദന തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാകാം. ചില ആളുകൾക്ക് ചൊറിച്ചിൽ, വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയും അനുഭവപ്പെടുന്നു. പാരസെറ്റമോൾ അമിതമായി കഴിക്കുന്നത് കരൾ, വൃക്ക എന്നിവയുടെ തകരാറിനും കാരണമാകും.