മുംബൈ: മകൻ യാത്രയുടെ സ്കൂൾ ബിരുദദാന ചടങ്ങിൽ ഒരുമിച്ചെത്തി നടൻ ധനുഷും മുൻ ഭാര്യ ഐശ്വര്യ രജനീകാന്തും . വളരെക്കാലത്തിനുശേഷമാണ് ഇരുവരും ഒരുമിച്ച് എത്തുന്നത്. ധനുഷ് തന്നെയാണ് മകനും, ഭാര്യയ്ക്കും ഒപ്പമുള്ള നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വച്ചത്.
അതിൽ ധനുഷും, ഐശ്വര്യയും മകനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്ക് വയ്ക്കുന്നതും കാണാം . “പ്രൗഡ് പേരന്റ്സ് #യാത്ര” എന്ന ക്യാപ്ഷനൊപ്പമാണ് ധനുഷ് ചിത്രങ്ങൾ പങ്ക് വച്ചത്.
18 വർഷത്തെ ദാമ്പത്യത്തിന് ശേഷം, ധനുഷും ഐശ്വര്യയും 2022 ജനുവരി 17 ന് വിവാഹമോചനത്തിന് അപേക്ഷ നൽകി. “സുഹൃത്തുക്കളായും, ദമ്പതികളായും, മാതാപിതാക്കളായും, അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചുള്ള ജീവിതം. വളർച്ചയുടെയും, മനസ്സിലാക്കലിന്റെയും, പൊരുത്തപ്പെടുത്തലിന്റെയും യാത്രയായിരുന്നു അത്… ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർപിരിയുന്ന ഒരു സ്ഥലത്താണ് നിൽക്കുന്നത്… ഐശ്വര്യയും ഞാനും വേർപിരിയാൻ തീരുമാനിച്ചു, വ്യക്തികളെന്ന നിലയിൽ ഞങ്ങളെ നന്നായി മനസ്സിലാക്കാൻ സമയമെടുത്തു. ദയവായി ഞങ്ങളുടെ തീരുമാനത്തെ ബഹുമാനിക്കുകയും ഇത് കൈകാര്യം ചെയ്യാൻ ആവശ്യമായ സ്വകാര്യത നൽകുകയും ചെയ്യുക” എന്ന സംയുക്ത പ്രസ്താവന ഇരുവരും പങ്കുവെച്ചപ്പോൾ സിനിമാപ്രേമികളും ഞെട്ടി . 2024 നവംബർ 27 ന് ചെന്നൈ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു.

