കൊൽക്കത്ത: 2025 ഇന്ത്യൻ പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 7 വിക്കറ്റിന് തകർത്ത് റോയൽ ചലഞ്ചേഴ്സ് ബംഗലൂരു. ടോസ് നഷ്ടമായി ബാറ്റിംഗിന് അയക്കപ്പെട്ട കൊൽക്കത്ത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എടുത്തു. മറുപടി ബാറ്റിംഗിൽ, വെറും 16.2 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ബംഗലൂരു 177 റൺസ് നേടി വിജയം ആഘോഷിച്ചു.
4 ഓവറിൽ 29 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ക്രുണാൽ പാണ്ഡ്യയാണ്, ഒരു ഘട്ടത്തിൽ 220 വരെ എത്തും എന്ന് തോന്നിച്ച കൊൽക്കത്തയെ 174ൽ ഒതുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. 2 വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസല്വുഡും നന്നായി പന്തെറിഞ്ഞു. 31 പന്തിൽ 56 റൺസെടുത്ത ക്യാപ്ടൻ അജിങ്ക്യ രഹാനെ, 26 പന്തിൽ 44 റൺസെടുത്ത സുനിൽ നരെയ്ൻ, 22 പന്തിൽ 30 റൺസ് എടുത്ത യുവതാരം ആംഗ്ക്രിഷ് രഘുവംശി എന്നിവരാണ് കൊൽക്കത്തയുടെ പ്രധാന സ്കോറർമാർ.
കൊൽക്കത്ത ഉയർത്തിയ സാമാന്യം ഭേദപ്പെട്ട ടോട്ടലിനെതിരെ അനായാസം ബാറ്റ് വീശിയ ബംഗലൂരു ബാറ്റ്സ്മാന്മാർ, ഒരു ഘട്ടത്തിലും തങ്ങൾക്ക് ലഭിച്ച മുൻതൂക്കം കൈവെടിഞ്ഞില്ല. 36 പന്തിൽ 59 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്ലിയും, 31 പന്തിൽ 56 റൺസ് അടിച്ച് കൂട്ടിയ ഫിലിപ്പ് സാൾട്ടും ചേർന്ന ഓപ്പണിംഗ് കൂട്ടുകെട്ട് 8.3 ഓവറിൽ 95 റൺസ് എടുത്തപ്പോഴേ മത്സരത്തിന്റെ വിധി ഏറെക്കുറെ തീരുമാനിക്കപ്പെട്ടു. 10 റൺസുമായി പുറത്തായ മലയാളി താരം ദേവദത്ത് പടിക്കൽ മാത്രമാണ് നിരാശ സമ്മാനിച്ചത്. ക്യാപ്ടൻ രജത് പാട്ടിദാർ 16 പന്തിൽ 34 റൺസ് നേടിയപ്പോൾ, ലിയാം ലിവിംഗ്സ്ടൺ 5 പന്തിൽ 15 റൺസുമായി പുറത്താകാതെ നിന്നു.