കൊൽക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ സന്ദർശകർ 20 ഓവറിൽ 132 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ വെറും 12.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ അനായാസം വിജയലക്ഷ്യം മറികടന്നു.
3 വിക്കറ്റ് വീഴ്ത്തിയ വരുൺ ചക്രവർത്തിയും 2 വീതം വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗും അക്ഷർ പട്ടേലും ഹാർദിക് പാണ്ഡ്യയും ചേർന്നാണ് ഇംഗ്ലണ്ടിനെ ചെറിയ ടോട്ടലിൽ ഒതുക്കിയത്. 68 റൺസ് എടുത്ത് ടോപ് സ്കോററായ ക്യാപ്ടൻ ജോസ് ബട്ട്ലറെ കൂടാതെ മറ്റ് രണ്ട് ഇംഗ്ലീഷ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്.
താരതമ്യേന ദുർബലമായ ടോട്ടൽ പിന്തുടർന്ന ഇന്ത്യക്ക് വേണ്ടി ഓപ്പണർമാരായ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ചേർന്ന് മികച്ച തുടക്കം നൽകി. 26 റൺസുമായി സഞ്ജുവും പിന്നാലെ റണ്ണൊന്നും എടുക്കാതെ ക്യാപ്ടൻ സൂര്യകുമാർ യാദവും മടങ്ങിയെങ്കിലും, മൂന്നാം വിക്കറ്റിൽ തിലക് വർമ്മയെ കൂട്ടുപിടിച്ച് അഭിഷേക് ശർമ്മ അക്ഷരാർത്ഥത്തിൽ ഇംഗ്ലീഷ് ബൗളർമാരെ തച്ച് തകർത്തു. 34 പന്തിൽ 79 റൺസെടുത്ത അഭിഷേകിന്റെ ബാറ്റിൽ നിന്നും 5 ബൗണ്ടറികളും 8 സിക്സറുകളുമാണ് പിറന്നത്. തിലക് വർമ്മ 19 റൺസുമായും ഹാർദിക് പാണ്ഡ്യ 3 റൺസുമായും പുറത്താകാതെ നിന്നു.
ഇംഗ്ലണ്ടിന് വേണ്ടി ജോഫ്ര ആർച്ചർ 2 വിക്കറ്റുകൾ വീഴ്ത്തി. 5 മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിലെ അടുത്ത മത്സരം 25ന് ചെന്നൈയിൽ നടക്കും.