ദുബായ്: ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ തോൽവികളുടെ ചരിത്രം ആവർത്തിച്ച് പാകിസ്താൻ. ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരത്തിൽ ഇക്കുറി 6 വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. നേരത്തേ ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിലും ഇന്ത്യ പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു.
ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് എന്ന ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്താൻ പാകിസ്താന് സാധിച്ചു. എന്നാൽ, മറുപടി ബാറ്റിംഗിൽ 18.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് നേടി ഇന്ത്യ വിജയം ആഘോഷിക്കുകയായിരുന്നു.
ഇന്ത്യയുമായുള്ള കഴിഞ്ഞ മത്സരത്തിന്റെ തനിയാവർത്തനമാകും എന്ന പ്രതീതി ഉയർത്തി തുടക്കം മുതൽ ലക്ഷ്യബോധമില്ലാതെ ബാറ്റ് വീശിയ പാക് ബാറ്റ്സ്മാന്മാർ നിരവധി അവസരങ്ങൾ തുറന്ന് നൽകി. എന്നാൽ പതിവിന് വിപരീതമായി ഇന്ത്യൻ ഫീൽഡർമാർ ക്യാച്ചുകൾ കൈവിട്ടതോടെ അവസരം മുതലാക്കിയ പാകിസ്താൻ ആക്രമിച്ച് കളിക്കുകയായിരുന്നു.
അക്കൗണ്ട് തുറക്കും മുൻപ് ക്യാച്ചിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട ഓപ്പണർ സാഹിബ്സാദ ഫർഹാൻ അടി തുടങ്ങിയതോടെ പാക് സ്കോർ ബോർഡിൽ റൺസ് വന്നു. ഓപ്പണറായി പ്രൊമോഷൻ കിട്ടി ഇറങ്ങിയ ഫഖർ സമാനും ഫോം കണ്ടെത്തിയതൊടെ ഇന്ത്യ പരുങ്ങലിലായി. എന്നാൽ മൂന്നാം അമ്പയറുടെ സംശയാസ്പദമായ തീരുമാനത്തിൽ കീപ്പർ ക്യാച്ച് ആയി 15 റൺസെടുത്ത സമാൻ മടങ്ങിയതോടെ ഇന്ത്യ ആശ്വസിച്ചു.
പിന്നാലെ വന്ന സയാം അയൂബും ആക്രമിച്ച് കളിച്ചതോടെ, പത്താം ഓവറിൽ പാകിസ്താൻ നൂറിനരികിലെത്തി. ആത്മവിശ്വാസത്തോടെ ബാറ്റിംഗ് തുടർന്ന ഫർഹാൻ, അർദ്ധസെഞ്ച്വറി തികച്ചതിന്റെ ആഹ്ലാദം സൈനിക മാതൃകയിൽ ബാറ്റ് തോക്കാക്കി സാങ്കൽപ്പിക വെടിയുതിർത്ത് ആഘോഷിച്ചു. പിന്നീട് തുടരെ വിക്കറ്റുകൾ വീണെങ്കിലും, സ്കോറിംഗ് നിരക്ക് ഒരു പരിധിക്ക് അപ്പുറം താഴാതെ നോക്കാൻ പാകിസ്താന് കഴിഞ്ഞു. 58 റൺസ് എടുത്ത ഫർഹാൻ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ ക്യാപ്ടൻ സൽമാൻ ആഘയും ഫഹീം അഷ്രഫും ആഞ്ഞടിച്ചതോടെ, പാകിസ്താൻ ട്വന്റി 20യിൽ ഇന്ത്യക്ക് എതിരായ ഏറ്റവും ഉയർന്ന ഒന്നാം ഇന്നിംഗ്സ് സ്കോർ പടുത്തുയർത്തി.
ഒമാനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലേതിന് സമാനമായി, ഫീൽഡിൽ അലസത കാണിച്ച ഇന്ത്യ കൈവിട്ടത് 4 ക്യാച്ചുകളാണ്. അത് മുതലാക്കിയാണ് പാകിസ്താന് ദുബായ് സ്റ്റേഡിയത്തിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോറിലേക്ക് എത്താൻ സാധിച്ചത്. ഫർഹാന് പുറമേ 21 റൺസ് വീതം എടുത്ത സയാം അയൂബ്, മുഹമ്മദ് നവാസ് എന്നിവരാണ് പാകിസ്താന്റെ പ്രധാന സ്കോറർമാർ. ഫഹീം അഷ്രഫ് 8 പന്തിൽ 20 റൺസും സൽമാൻ ആഘ 17 റൺസും നേടി പുറത്താകാതെ നിന്നു.
ഇന്ത്യക്ക് വേണ്ടി ശിവം ദുബെ 2 വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. പ്രധാന ബൗളർമാർക്ക് വിക്കറ്റ് നൽകാതെ ആക്രമിക്കുക എന്ന തന്ത്രം ഏറെക്കുറെ വിജയകരമായി പ്രാവർത്തികമാക്കാൻ പാക് ബാറ്റ്സ്മാന്മാർക്ക് സാധിച്ചു. 4 ഓവറിൽ 45 റൺസ് വഴങ്ങിയ ബൂമ്രക്ക് വിക്കറ്റ് ഒന്നും ലഭിച്ചില്ല. വരുൺ ചക്രവർത്തിക്കും വിക്കറ്റ് ഇല്ല.
മറുപടി ബാറ്റിംഗിൽ, ഷഹീൻ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ സിക്സറിന് പറത്തിയ അഭിഷേക് ശർമ്മ തന്റെയും ടീമിന്റെയും നിലപാട് വ്യക്തമാക്കി. ശുഭ്മാൻ ഗില്ലിന്റെ മികച്ച പിന്തുണയിൽ പാക് ബൗളർമാരെ നിലം തൊടാതെ അഭിഷേക് ഗാലറിയിലേക്ക് പറത്തി. പാക് ടീമംഗങ്ങൾ വാക്കുകൾ കൊണ്ട് പ്രകോപിപ്പിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും അഭിഷേക് പന്തിനെ ഗാലറി കാണിച്ചു. ഒപ്പം ഫോം വീണ്ടെടുത്ത ഗിൽ കൂടി അടി തുടങ്ങിയതോടെ പവർപ്ലേയിൽ 69 റൺസ് പിറന്നു.
പേശീവലിവ് മൂലം കഷ്ടപ്പെട്ട ഗിൽ പത്താം ഓവറിലെ അഞ്ചാം പന്തിൽ 47 റൺസുമായി മടങ്ങി. പിന്നാലെ വന്ന ക്യാപ്ടൻ സൂര്യകുമാർ യാദവ് പാകിസ്താൻ പേടിയും ഹാരീസ് റൗഫ് പേടിയും ആവർത്തിച്ച് പൂജ്യത്തിന് പുറത്തായി. എന്നാൽ സമ്മർദ്ദത്തിന് അടിപ്പെടാതെ നിർഭയം ബാറ്റ് വീശിയ അഭിഷേക് വീണ്ടും ഇന്ത്യൻ റൺ നിരക്ക് ഉയർത്തി. ഒടുവിൽ 39 പന്തിൽ 6 ബൗണ്ടറികളുടെയും 5 സിക്സറുകളുടെയും അകമ്പടിയോടെ 74 റൺസുമായി മടങ്ങി. താളം കണ്ടെത്താൻ വിഷമിച്ച സഞ്ജു 17 പന്തിൽ 13 റൺസെടുത്ത് പുറത്തായി. ആവശ്യമായ റൺ റേറ്റിലേക്ക് അപ്പോഴേക്കും എത്തിക്കഴിഞ്ഞ ഇന്ത്യക്ക് വേണ്ടി തിലക് വർമ്മയും പാണ്ഡ്യയും ഉത്തരവാദിത്തബോധത്തോടെ ബാറ്റ് വീശിയപ്പോൾ, പതിനൊന്ന് പന്തുകളും ആറ് വിക്കറ്റുകളും ബാക്കി നിൽക്കെ ഇന്ത്യ വിജയതീരമണഞ്ഞു.
ഷഹീൻ അഫ്രീദിയെ തല്ലിയൊതുക്കുക എന്ന പതിവ് ആവർത്തിച്ച ഇന്ത്യ, താരം എറിഞ്ഞ 3.5 ഓവറിൽ 40 റൺസാണ് അടിച്ചെടുത്തത്. വിജയ റണ്ണും അഫ്രീദിയുടെ പന്തിനെ ബൗണ്ടറിയിലേക്ക് പായിച്ചാണ് ഇന്ത്യ നേടിയത്. 4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ഹാരിസ് റൗഫ് മാത്രമാണ് പാക് ബൗളർമാരിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഫഹീം അഷ്രഫ് 31 റൺസ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. മറ്റ് ബൗളർമാരെല്ലാം ഓവറിൽ 10 റൺസ് ശരാശരിക്ക് മുകളിൽ അടി വാങ്ങി.

