ദൈവപുത്രന്റെ തിരുപ്പിറവി വിളിച്ചറിയിക്കുന്ന ഈ ക്രിസ്മസ് കാലത്ത് ഓർമ്മയിൽ ഓടിയെത്തുന്ന ചില ക്രിസ്മസ് ഗാനങ്ങളുണ്ട് . അഭ്രപാളിയിൽ പ്രിയ താരങ്ങൾ അവതരിപ്പിച്ച ആ ഗാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ദേവദൂതർ പാടി
കാതോട് കാതോരം എന്ന ചിത്രത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഈണമിട്ട ഗാനമാണ് ദേവദൂതർ പാടി സ്നേഹദൂതർ പാടി ഈ ഒലീവിൻ പൂക്കൾ ചൂടിയാടും നിലാവിൽ…‘ എന്ന ഗാനം. ഒഎൻവി കുറുപ്പ് എഴുതിയ ഗാനം പാടിയിരിക്കുന്നത് കെ.ജെ യേശുദാസ്, കൃഷ്ണ ചന്ദ്രൻ, ലതിക, രാധിക എന്നിവർ ചേര്‍ന്നാണ്.
കാലിത്തൊഴുത്തിൽ പിറന്നവനെ
സായൂജ്യം എന്ന ചിത്രത്തിലെ കാലിത്തൊഴുത്തിൽ പിറന്നവനെ… എന്ന പി. സുശീലയുടെ ഗാനം ഇന്നും പുൽക്കൂടുകൾ ഒരുക്കുമ്പോൾ മലയാളി മൂളിപ്പോകുന്ന വരികളാണ്.
സത്യനായകാ മുക്തിദായകാ…
ജീവിതം ഒരു ഗാനം എന്ന ചിത്രത്തിലെ സത്യനായകാ മുക്തിദായകാ… എന്ന ഗാനം ഒരു പ്രാർത്ഥനയെന്നോണം വിശ്വാസികൾ ഇന്നും ഏറ്റുപാടുന്നു. എം.എസ്. വിശ്വനാഥന്റെ സംഗീതത്തിൽ പിറന്ന ഈ ഗാനം യേശുദാസിന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ ലഭിക്കുന്ന ആത്മീയ അനുഭവം ചെറുതല്ല.
സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്
ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ്…സർവ്വലോകർക്കും നന്മയേകും കാരുണ്യമായ്..’ഗപ്പി’ എന്ന ചിത്രത്തിലെ ഗാനം ഏറെ വൈറലായിരുന്നു. വിനായക് ശശികുമാര്‍ എഴുതി വിഷ്ണു വിജയ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് തമിഴ് ഗായകൻ ആന്റണി ദാസനാണ്.
ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ
നോക്കത്താദുരത്ത് കണ്ണുംനട്ട് എന്ന സിനിമയിലെ ‘ലാത്തിരി പൂത്തിരി പുഞ്ചിരിച്ചെപ്പോ ‘ എന്ന പാട്ട്. ബിച്ചു തിരുമലയും ജെറി അമൽദേവും ചേർന്ന് ഒരുക്കിയ വരികൾ ക്രിസ്മസ് കാലത്ത് മൂളാവുന്നതാണ്.
ആകാശദൂത് എന്ന ചിത്രത്തിലെ കുരിശുമലയിൽ പള്ളിമണികളുണരും , പുണ്യ ഞായറാഴ്ചകൾ തോറും എന്ന ഗാനം അൽപ്പം സങ്കടമുണർത്തുന്ന ഭക്തിഗാനങ്ങളിൽ ഒന്നാണ്.

