മലയാളത്തിലെ ആദ്യ വെബ് സീരീസായ കേരള ക്രൈം ഫയൽസിന്റെ രണ്ടാം സീസൺ ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു. കഴിഞ്ഞ വർഷം തിയേറ്ററുകളിൽ ആളെ നിറച്ച ത്രില്ലർ ചിത്രം കിഷ്കിന്ധാ കാണ്ഡത്തിന്റെ തിരക്കഥാകൃത്ത് ബാഹുൽ രമേശ് തിരക്കഥയൊരുക്കിയിരിക്കുന്ന സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് അഹമ്മദ് കബീറാണ്. ഒന്നാം സീസണിൽ നിന്നും രണ്ടാം സീസണിൽ എത്തുമ്പോഴും, വിട്ടുവീഴ്ചയില്ലാത്ത മേക്കിംഗിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നതിൽ സംവിധായകൻ വിജയിക്കുന്നു. ഉന്നത നിലവാരമുള്ള പഴുതടച്ച തിരക്കഥയ്ക്കൊപ്പം, കണിശതയാർന്ന സംവിധാന മികവും കൂടിച്ചേരുമ്പോൾ പ്രേക്ഷകന് ലഭിക്കുന്നത് പരിപൂർണ്ണ സംതൃപ്തിയാണ്.
സ്വകാര്യ മ്യൂസിയത്തിൽ നടക്കുന്ന കവർച്ചയെ കുറിച്ച് അന്വേഷിക്കാൻ എത്തുന്ന ഡോഗ് സ്ക്വാഡിലെ ടെറി എന്ന ട്രാക്കർ ഡോഗ് അസ്വാഭാവികമായി പെരുമാറുന്നിടത്താണ് സീരീസ് ആരംഭിക്കുന്നത്. തുടർന്ന് ഇന്ദ്രൻസ് അവതരിപ്പിക്കുന്ന സിവിൽ പോലീസ് ഓഫീസർ അമ്പിളി എന്ന കഥാപാത്രത്തിന്റെ ആഴങ്ങളിലേക്കും അയാളുടെ തിരോധാനത്തിന്റെ അന്വേഷണത്തിലേക്കും കഥാഗതി കടക്കുന്നു.
നേരിട്ടുള്ള കഥ പറച്ചിലിനൊപ്പം പ്രേക്ഷകരെ ഒപ്പം കൊണ്ട് പോകുന്ന ഒരു ഇമോഷണൽ നോൺ ലീനിയർ ആഖ്യാന ശൈലി കൂടി ബാഹുൽ രമേശ് സമർത്ഥമായി കഥ പറച്ചിലിൽ ഉപയോഗിച്ചിരിക്കുന്നു. സാമ്പ്രദായിക കുറ്റാന്വേഷണ കഥകളിൽ കാണുന്ന തരത്തിൽ, അപ്രധാനമായ കഥാപാത്രങ്ങളെ കുത്തിനിറച്ച് സംശയം അവരിൽ ആരോപിച്ച് ഒടുവിൽ പ്രേക്ഷകനെ കബളിപ്പിക്കുന്ന രചനാ ശൈലി ഇവിടെ കാണാൻ സാധിക്കില്ല. അമ്പിളിയുടെയും ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്ന അയ്യപ്പൻ എന്ന കഥാപാത്രത്തിന്റെയും പാത്രസൃഷ്ടി ഗംഭീരമാണ് എന്ന് പറയാതെ വയ്യ.
ഒന്നാം സീസണിലേതിന് സമാനമായി ഇവിടെയും ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഐഡന്റിറ്റി നൽകുന്നതിൽ സംവിധായകനും തിരക്കഥാകൃത്തും വിജയിച്ചിരിക്കുന്നു. സീരീസിൽ വരുന്ന നായകളുടെ കഥാപാത്രങ്ങൾക്ക് പോലും കൃത്യമായ ക്യാരക്ടർ ആർക്ക് നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ നായകൾ തന്നെയാണ് കഥാഗതിയെ മുന്നോട്ട് കൊണ്ടു പോകുന്നത് എന്ന് വേണമെങ്കിൽ പറയാം. എങ്കിൽ പോലും കഥയുടെ ത്രില്ലർ സ്വഭാവത്തിന് യാതൊരു തരത്തിലും പാളിച്ച സംഭവിക്കുന്നില്ല. കൂടാതെ, പ്രേക്ഷകന് സംഭവ വികാസങ്ങളുമായി ഉള്ള ഇമോഷണൽ കണക്ടിവിറ്റി കൂട്ടാനും ഈ ആഖ്യാന ശൈലിക്ക് സാധിക്കുന്നു.
ആദ്യ സീസണിൽ അജു വർഗീസ്, ലാൽ, സഞ്ജു സനിച്ചൻ, നവാസ് വള്ളിക്കുന്ന് എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളെ രണ്ടാം സീസണിലെ കാലഘട്ടവുമായി കൃത്യമായി സംവിധായകൻ ബ്ലെൻഡ് ചെയ്തിരിക്കുന്നു. എസ് ഐ നോബിൾ എന്ന പ്രധാന കഥാപാത്രമായി അർജുൻ രാധാകൃഷ്ണൻ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒപ്പം ജിയോ ബേബി, നൂറിൻ ഷെരീഫ്, സിറാജുദ്ദീൻ നാസർ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നു. ഇതിൽ സിറാജുദ്ദീൻ നാസറിന്റെ പ്രകടനം എടുത്ത് പറയേണ്ടതാണ്. സുപ്രധാന വേഷം ചെയ്ത ബാലതാരത്തിന്റെ പ്രകടനവും മികവുറ്റതാണ്. കോംബിനേഷൻ സീനിൽ ഞെട്ടിക്കുന്ന പ്രകടനമാണ് ഇന്ദ്രൻസും ഹരിശ്രീ അശോകനും പുറത്തെടുക്കുന്നത്. ഒരു ടോപ് ക്വാളിറ്റി സീരീസിൽ തിരക്കഥയ്ക്കും സംവിധാന മികവിനും പ്രകടന മികവുകൾക്കും ഒപ്പം മികച്ച എഡിറ്റിംഗ്, ഛായാഗ്രഹണം, പശ്ചാത്തല സംഗിതം എന്നിവയുടെയും പ്രാധാന്യം എന്തെന്ന് മനസ്സിലാക്കി തരുന്ന രംഗമാണ് ഇത്.
ത്രില്ലിംഗ് എന്നതിനപ്പുറം പലർക്കും പ്രെഡിക്റ്റബിൾ ആയിട്ടുള്ള, എന്നാൽ ഉള്ളുലയ്ക്കുന്ന ഒരു ക്ലൈമാക്സ് ആണ് കേരള ക്രൈം ഫയൽസ് സീസൺ ടുവിൽ അഹമ്മദ് കബീർ ഒരുക്കിയിരിക്കുന്നത്. എന്നാൽ വൈകാരിക മുഹൂർത്തങ്ങളെ മെലോഡ്രാമയിലേക്ക് എത്തിക്കാതെ കൈയ്യടക്കത്തോടെ സംവിധായകൻ കൈകാര്യം ചെയ്തിരിക്കുന്നു. തുടക്കത്തിലെ ടെറിയുടെ അസ്വാഭാവിക പ്രതികരണം പ്രേക്ഷകന് സമ്മാനിക്കുന്നത് വരാനിരിക്കുന്ന ത്രില്ലർ മുഹൂർത്തങ്ങളിലേക്കുള്ള പിരിമുറുക്കമാണെങ്കിൽ, അവസാന രംഗത്തിലെ നായകളുടെ പ്രതികരണം പകർന്ന് നൽകുന്നത് മറ്റൊരു തലത്തിലുള്ള പിരിമുറുക്കത്തിന്റെ കൊടിയിറക്കമാണ്. വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന ഇരു കേന്ദ്ര കഥാപാത്രങ്ങളുടെ മുഖത്ത് വിരിയുന്ന അവസാനത്തെ പുഞ്ചിരിയാണ് രചനയിൽ ബാഹുൽ രമേശ് രേഖപ്പെടുത്തുന്ന സംതൃപ്തിയുടെ കൈയ്യൊപ്പ്.
ഛായാഗ്രഹണം ജിതിൻ സ്റ്റാനിസ്ലാസ്, എഡിറ്റിംഗ് മഹേഷ് ഭുവനേന്ദ് എന്നിവർ നിർവ്വഹിച്ചിരിക്കുന്ന കേരള ക്രൈം ഫയൽസ് സീസൺ ടുവിന്റെ സംഗീത വിഭാഗം ഹിഷാം അബ്ദുൾ വഹാബാണ് കൈകാര്യം ചെയ്തിരിക്കുന്നത്.

