ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി എം കരുണാനിധിയുടെ മൂത്ത മകനും നടനുമായ എം കെ മുത്തു (77) അന്തരിച്ചു. വിവിധ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മുത്തു വളരെക്കാലം പൊതുജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഈസ്റ്റ് കോസ്റ്റ് റോഡിലെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കരുണാനിധിയാണ് മുത്തുവിനെ ചലച്ചിത്രമേഖലയിലേക്ക് കൊണ്ടുവന്നത്, നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
നാഗപട്ടണം ജില്ലയിലെ തിരുക്കുവളൈയിൽ കരുണാനിധിയുടെയും ആദ്യ ഭാര്യ പത്മാവതിയുടെയും മകനായി 1948 ലാണ് മുത്തു ജനിച്ചത്. മുത്തുവിനെ പ്രസവിച്ചതിന് തൊട്ടുപിന്നാലെ പത്മാവതി ക്ഷയരോഗം ബാധിച്ച് മരിച്ചു. ആദ്യ ഭാര്യയുടെ മരണശേഷം കരുണാനിധി ദയാലു അമ്മാളിനെ വിവാഹം കഴിച്ചു.
1970 കളുടെ തുടക്കത്തിലാണ് മുത്തു ചലച്ചിത്രരംഗത്തേക്ക് പ്രവേശിച്ചത്. എം.ജി.ആറിന്റെ ജനപ്രീതി കണ്ടാണ് കരുണാനിധി, തന്റെ മകൻ സിനിമയിൽ പ്രശസ്തനാകുമെന്ന് പ്രതീക്ഷിച്ച് മുത്തുവിനെ ചലച്ചിത്രലോകത്തേക്ക് കൊണ്ടുവന്നത് .. 1972 ൽ ഇറങ്ങിയ ‘പിള്ളയോ പിള്ളൈ’ എന്ന ചിത്രത്തിലൂടെയാണ് മുത്തു സിനിമാരംഗത്തേക്ക് പ്രവേശിച്ചത്. പിതാവിന്റെ പോലെ സ്നേഹം പകർന്ന് നൽകിയ സഹോദരനെയാണ് തനിക്ക് നഷ്ടമായതെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു.
‘ ഒരു അമ്മയുടെയും അച്ഛന്റെയും വാത്സല്യത്തിന് തുല്യമായ വാത്സല്യം എന്നോട് കാണിച്ച എന്റെ പ്രിയ സഹോദരനെ നഷ്ടപ്പെട്ടതിന്റെ ദുഃഖം എന്നെ വേദനിപ്പിക്കുന്നു. കലൈഞ്ജറിനെപ്പോലെ, എന്റെ സഹോദരനും ചെറുപ്പം മുതൽ നാടകങ്ങളിലൂടെ ദ്രാവിഡ പ്രസ്ഥാനത്തെ സേവിക്കാൻ തുടങ്ങി. അത്രയും കഴിവും ഉത്സാഹവും കൊണ്ടാണ് അദ്ദേഹം 1970-ൽ ചലച്ചിത്രമേഖലയിലേക്ക് പ്രവേശിച്ചത്. ആദ്യ സിനിമയിൽ തന്നെ അദ്ദേഹം ഇരട്ട വേഷം ചെയ്തു . അദ്ദേഹം എപ്പോഴും എന്നോട് വാത്സല്യം കാണിച്ചു, എന്റെ വളർച്ച തന്റേതായി കണക്കാക്കി, എന്നെ നിരന്തരം പ്രോത്സാഹിപ്പിച്ചു. ഞാൻ അദ്ദേഹത്തെ കാണാൻ പോകുമ്പോഴെല്ലാം പഴയ ഓർമ്മകൾ വാത്സല്യത്തോടെ പങ്കുവെക്കുന്നത് അദ്ദേഹം ഒരു ശീലമാക്കി. സ്നേഹത്തിലൂടെ, കലയിലൂടെയും ഗാനങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നേക്കും ജീവിക്കും. എന്റെ പ്രിയപ്പെട്ട സഹോദരന് ഹൃദയംഗമമായ സ്നേഹത്തോടെ ഞാൻ ആദരാഞ്ജലി അർപ്പിക്കുന്നു,” എന്നാണ് സ്റ്റാലിന്റെ പോസ്റ്റ്.

