ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം രണ്ട് പേർ പങ്കിട്ടു. 12ത്ത് ഫെയിൽ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസിയും ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖ് ഖാനും പുരസ്കാരത്തിന് അർഹരായി. മിസിസ് ചാറ്റര്‍ജി വേഴ്സസ് നോര്‍വേ എന്ന ചിത്രത്തിലൂടെ റാണി മുഖര്‍ജി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. 12ത്ത് ഫെയിലാണ് മികച്ച ചിത്രം. ദി കേരള സ്റ്റോറി എന്ന ചിത്രത്തിലൂടെ സുദീപ്തൊ സെൻ മികച്ച സംവിധായകനുള്ള പുരസ്കാരവും സ്വന്തമാക്കി.
മലയാളത്തില്‍ നിന്ന് പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്കാരം സ്വന്തമാക്കിയപ്പോൾ, ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവ്വശി മികച്ച സഹനടിക്കുള്ള പുരസ്കാരം നേടി. 2018 എന്ന ചിത്രത്തിലൂടെ മോഹന്‍ദാസ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍ക്കുള്ള അവാര്‍ഡിന് അർഹനായി. ആനിമൽ എന്ന ചിത്രത്തിലെ റീ റിക്കോർഡിംഗിനും മിക്സിംഗിനും മലയാളിയായ എം ആർ രാജകൃഷ്ണൻ ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. പൂക്കാലം എന്ന ചിത്രത്തിലെ എഡിറ്റിംഗ് നിർവ്വഹിച്ച മിഥുൻ മുരളിയാണ് മികച്ച എഡിറ്റർ. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം.
ആനിമേഷൻ, വിഷ്വൽ എഫക്ട്സ്, ഗെയിമിംഗ്, കോമിക് വിഭാഗത്തിൽ തെലുങ്ക് ചിത്രമായ ഹനുമാൻ പുരസ്കാരം സ്വന്തമാക്കി. പാർക്കിംഗ് എന്ന ചിത്രത്തിലെ അഭിനയം മുത്തുപേട്ടൈ സോമു ഭാസ്കറിനെ വിജയരാഘവനോടൊപ്പം മികച്ച സഹനടനുള്ള പുരസ്കാരത്തിന് അർഹനാക്കി. മികച്ച ഛായാഗ്രാഹകൻ പ്രശന്തനു മൊഹാപാത്രയാണ്, ചിത്രം ദി കേരള സ്റ്റോറി.
മികച്ച തിരക്കഥ- രാംകുമാര്‍ ബാലകൃഷ്ണന്- പാര്‍ക്കിംഗ് (തമിഴ്), സായ് രാജേഷ് നീലം- ബേബി (തെലുങ്ക്), മികച്ച സൗണ്ട് ഡിസൈനിംഗ് സച്ചിന് സുധാകരന്, ഹരിഹരന് മുരളീധരന്- അനിമല്‍ (ഹിന്ദി), മികച്ച പശ്ചാത്തല സംഗീതം- ഹര്ഷ്വര്ധന് രാമേശ്വര്‍- അനിമല്‍ (ഹിന്ദി), മികച്ച സംഗീത സംവിധാനം- ജി വി പ്രകാശ് കുമാര്‍- വാത്തി (തമിഴ്), മികച്ച സംഘട്ടന സംവിധാനം- നന്ദു, പൃഥ്വി- ഹനുമാന് (തെലുങ്ക്), മികച്ച തമിഴ് ചിത്രം- പാർക്കിംഗ്, മികച്ച തെലുങ്ക് ചിത്രം- ഭഗവന്ത് കേസരി എന്നിവയാണ് മറ്റ് പ്രധാന പുരസ്കാരങ്ങൾ.

