ഡബ്ലിൻ: അയർലന്റിൽ ജൂൺ മാസത്തിൽ കാറുകളുടെ വിൽപ്പന ഉയർന്നു. വിൽപ്പന 60 ശതമാനമാണ് വർദ്ധിച്ചത്. ജൂൺ മാസത്തിൽ വിറ്റ് പോയവയിൽ പകുതിയിലധികവും ഇലക്ട്രിക്ക് കാറുകളാണ്.
ജൂൺ മാസത്തിൽ 2,376 വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 50.7 ശതമാനം ഇലക്ട്രിക് കാറുകളാണ്. ടെസ്ലയുടെ 524 ഇലക്ട്രിക് കാറുകളാണ് ജൂൺ മാസത്തിൽ വിറ്റ് പോയത് എന്നതും ശ്രദ്ധേയമാണ്. സാധാരണയായി ജൂൺ മാസത്തിൽ കാറുകളുടെ വിൽപ്പന കുറയുകയാണ് ചെയ്യാറുളളത്. എല്ലാ ജൂലൈ 1 നും നമ്പർ പ്ലേറ്റ് മാറ്റം വരുന്നതിനാലാണ് ഇത്. എന്നാൽ ഇക്കുറി പതിവിന് വിപരീതമായാണ് വിൽപ്പന വർദ്ധിച്ചിരിക്കുന്നത്.
ഈ വർഷം ഇതുവരെ 81,686 കാറുകളാണ് രാജ്യത്ത് വിൽപ്പന നടത്തിയത്. മുൻവർഷത്തെക്കാൾ 3.4 ശതമാനത്തിന്റെ വർദ്ധനവ് ഇക്കുറി ഉണ്ടായിട്ടുണ്ട്.

