സാങ്കേതിക വിദ്യയുടെ കാര്യത്തിൽ എല്ലാവരേയും കടത്തിവെട്ടി വളർന്ന ചൈന പലപ്പോഴും വാർത്തകളിൽ നിറയുന്നത് അതിൻ്റെ ഭക്ഷണ ശീലങ്ങൾ കൊണ്ടും ചില വിചിത്രമായ കാര്യങ്ങൾ കൊണ്ടുമാണ്. കടുവയുടെ മൂത്രം വിറ്റതിൻ്റെ പേരിൽ ചൈനയിലെ ഒരു മൃഗശാലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഉളുക്ക്, പേശി വേദന, വാതം എന്നിവയ്ക്ക് കടുവ മൂത്രം നല്ലതാണെന്നാണ് മൃഗശാല അധികൃതരുടെ വാദം. രൂപ. 250 മില്ലി കടുവ മൂത്രം വിൽക്കുന്നത് 600 രൂപയ്ക്കാണ്. എന്നാൽ വാർത്ത വൈറലായതോടെ കടുവയുടെ മൂത്രത്തിൽ നിന്ന് ആരോഗ്യഗുണങ്ങളൊന്നുമില്ലെന്ന് വിദഗ്ധർ സ്ഥിരീകരിച്ചു.
തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലുള്ള യാൻ ബിഫെങ്സിയ വന്യജീവി മൃഗശാലയിലാണ് സൈബീരിയൻ കടുവയുടെ 250 മില്ലി മൂത്രം ഏകദേശം 50 യുവാൻ അഥവാ 600 രൂപയ്ക്ക് വിൽക്കുന്നത്. കടുവയുടെ മൂത്രം നിറച്ച കുപ്പികളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് ഒരു വിനോദസഞ്ചാരിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കടുവയുടെ മൂത്രം ഒരു പരമ്പരാഗത മരുന്നല്ല, ഇതിന് തെളിയിക്കപ്പെട്ട ഔഷധ ഗുണങ്ങളൊന്നുമില്ലെന്ന് ചൈനയിലെ ഡോക്ടർമാർ തന്നെ പറയുന്നു . കടുവയുടെ മൂത്രം വിൽക്കുന്നത് അപകടകരമാണെന്നും ചില വിദഗ്ധർ പറയുന്നു.