കണ്ണൂർ ; സിപിഎം പാലക്കാട് മുൻ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെതിരെ മുതിർന്ന നേതാവ് പി.കെ.ശ്രീമതി. സ്ത്രീപീഡകർക്കെതിരെ നടപടി വേണമെന്നും അതാണ് സിപിഎമ്മിന്റെ പാരമ്പര്യമെന്നും പി.കെ.ശ്രീമതി ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
‘ഒരു കാര്യം ഞാൻ വ്യക്തമാക്കാം. പെൺകുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവർ എത്ര ഉന്നതരായാലും അവർക്കെതിരെ നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഎമ്മിനുള്ളൂ. അത് ഇനിയും ഓർക്കാത്തവരുണ്ടെങ്കിൽ ‘വിനാശകാലെ വിപരീതബുദ്ധി’ എന്ന് മാത്രമേ ഇപ്പോൾ പറയാൻ കഴിയൂ.’’ എന്നാണ് പി കെ ശ്രീമതി പറയുന്നത് .
കഴിഞ്ഞ ദിവസം നടന്ന പാലക്കാട് ജില്ല സിപിഎം വിശാല ജില്ലാക്കമ്മിറ്റി യോഗത്തിൽ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു പുറത്താക്കിയിരുന്നു. ഫോണിൽ വിളിച്ച് നിരന്തരം ശല്യം ചെയ്തെന്ന അഭിഭാഷകയുടെ പരാതിയുൾപ്പെടെ കണക്കിലെടുത്തായിരുന്നു നടപടി.ഡിജിറ്റൽ തെളിവുകളടക്കമാണ് അഭിഭാഷക പരാതി നൽകിയത്. പാർട്ടി നടപടി എടുത്തില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

