പാലക്കാട് : ഓണം ബമ്പറിന് അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി . താൻ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചതെന്നും, ടിക്കറ്റ് നഷ്ടപ്പെട്ടുവെന്നുമാണ് തമിഴ്നാട് സ്വദേശി സാദിഖ് അവകാശപ്പെടുന്നത് . പാലക്കാട് എസ്.പി. ഓഫീസിലാണ് ഇദ്ദേഹം എത്തിയത്. ഫോണിൽ ടിക്കറ്റിന്റെ ഫോട്ടോ ഉണ്ടെന്നും സാദിഖ് പറഞ്ഞു.
കണ്ണൂരിലെ ബാങ്ക് വഴി ഓണം ബംപർ ലോട്ടറി വിജയി ടിക്കറ്റ് ഹാജരാക്കിയതായി ലോട്ടറി വകുപ്പ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സ്വദേശി അവകാശവാദവുമായി എത്തിയത് . സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
TL 360615 എന്ന നമ്പറിലുള്ള വിജയി ടിക്കറ്റ് ബാങ്കിൽ ഹാജരാക്കിയ വ്യക്തി, തന്റെ പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. സമ്മാനത്തുക ലഭിക്കുന്നതിനായി അവകാശവാദം ഉന്നയിച്ച വ്യക്തി ആവശ്യമായ രേഖകൾ സമർപ്പിച്ചിട്ടുണ്ടെന്നും അവ ഇപ്പോൾ പരിശോധിച്ചുവരികയാണെന്നും സംസ്ഥാന ലോട്ടറി വകുപ്പ് ഡയറക്ടർ കെ. ഇൻബശേഖർ അറിയിച്ചു.

