ന്യൂഡൽഹി : ജന്തർ മന്തറിലേക്ക് പ്രതിഷേധിക്കാൻ പോകാൻ ശ്രമിച്ച കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരെയും നിരവധി പ്രതിപക്ഷ എംപിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ ആഹ്വാനപ്രകാരം, ഇന്ന് ഇന്ത്യാ ബ്ലോക്കിലെ എംപിമാർ ഡൽഹിയിലെ ജൻപഥിലുള്ള സാഗർ രത്ന റെസ്റ്റോറന്റിൽ ഒത്തുകൂടിയിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനിൽക്കെയാണ് ഇവർ ഒത്തുകൂടിയത്.
എംപിമാരുടെ ഓരോ നീക്കവും ഡൽഹി പോലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. എംപിമാർ ജന്തർ മന്തറിലേക്കോ, കൊണാട്ട് പ്ലേസിലേക്കോ പോയാൽ അവരെ തടയുമെന്ന് പോലീസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രാഹുലിനെ കയറ്റിയ വാനിന്റെ ടയറുകൾ കോൺഗ്രസ് പ്രവർത്തകർ കുത്തിക്കീറിയതിനെ തുടർന്ന് രാഹുൽ ഗാന്ധിയെ മറ്റൊരു ബസ്സിലേക്ക് മാറ്റുകയും ബരാഖംബ റോഡിലുള്ള പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
ജന്തർ മന്ദറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ശ്രമിച്ചതാണ് ഇന്ന് പ്രശ്നങ്ങൾ വഷളാക്കിയത്. ഇതിന് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു . മധ്യ ഡൽഹിയിലെ റെസ്റ്റോറന്റിൽ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിനായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് എംപിമാർ ജന്തർ മന്ദറിലേക്ക് തിരിച്ചത്. എന്നാൽ പോലീസ് അവരെ തടഞ്ഞു. ആദ്യം, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ ബസ്സിൽ കയറ്റി ഇരുത്തി.
എന്നാൽ മറ്റുള്ളവരെ കസ്റ്റഡിയിലെടുക്കാൻ പോലീസ് നീങ്ങിയപ്പോൾ, നേതാക്കൾ ബസ്സിൽ നിന്ന് ഇറങ്ങി റോഡിൽ വന്നിരുന്നു. മാറണമെന്ന പോലീസിന്റെ അഭ്യർത്ഥന നിരസിച്ച് രാഹുലും പ്രിയങ്ക ഗാന്ധിയും റോഡിൽ ഇരുന്നു. തന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ എന്ന് വെല്ലുവിളിച്ചുകൊണ്ട് പ്രിയങ്ക ഗാന്ധി റോഡിൽ കിടന്നു. “എംപിമാരോട് ഇങ്ങനെയോ പെരുമാറുന്നത്? ഇതൊരിക്കലും കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ഞങ്ങൾ ഇവിടെ നിന്ന് മാറില്ല,” അവർ പറഞ്ഞു . പിന്നാലെയാണ് പൊലീസ് ഇവരെ ബലമായി മാറ്റിയത്.

