ക്ലെയർ: കൗണ്ടി ക്ലെയറിൽ വാഹനമിടിച്ച് കൗമാരക്കാരൻ മരിച്ച സംഭവം കൊലപാതകമെന്ന് റിപ്പോർട്ട്. പ്രതികളെ പോലീസ് തിരിച്ചറിഞ്ഞുവെന്നാണ് വിവരം. തെളിവുകൾ ഇതിനോടകം തന്നെ പോലീസ് ശേഖരിച്ചുകഴിഞ്ഞിട്ടുണ്ട്. മരണത്തിന് മുൻപ് 17 കാരൻ ഒരു സംഘവുമായി തർക്കത്തിലേർപ്പെട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബ്രയാൻ ലോവ് എന്ന 17 കാരൻ കൊല്ലപ്പെട്ടത്. ഇ- ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുട്ടിയെ കാർ ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. പിന്നാലെ സിൽവർ/ഗോൾഡ് നിറത്തിലുള്ള 05-c5982 എന്ന വാഹനമാണ് കുട്ടിയെ ഇടിച്ച് വീഴ്ത്തിയതെന്ന് പോലീസിന്വ്യക്തമായി. ഇ- ബൈക്ക് തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം എന്നാണ് പോലീസ് സംശയിക്കുന്നത്.

