കൊച്ചി : വിദേശയാത്രയ്ക്കായി ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന ഹർജിയിൽ മുൻ ഡിജിപി ടോമിൻ തച്ചങ്കരിയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ജയിലിലേയ്ക്ക് പോയാൽ ആയിരം രോഹം എന്നാൽ പുറത്ത് ഇറങ്ങിയാൽ ദുബായിലേയ്ക്ക് പോകണമെന്നും കോടതി പരിഹസിച്ചു. ജയിലധികൃതരുടെ റിപ്പോർട്ട് പരിഗണിക്കട്ടേയെന്നും, ജാമ്യം റദ്ദാക്കുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
തച്ചങ്കരിയുടെ ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേയ്ക്ക് മാറ്റി. ഗുരുതരരോഗങ്ങൾ ഉള്ളയാൾ എങ്ങനെ ജോലിയ്ക്ക് പോകുമെന്നും തച്ചങ്കരിയോട് കോടതി ആരാഞ്ഞു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കിടന്ന കാലയളവിൽ തച്ചങ്കരി എത്രദിവസം ആശുപത്രിയിലായിരുന്നു എന്നതിന്റെ രേഖകൾ ഹാജരാക്കണമെന്നും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഷാർജയിൽ ജ്വല്ലറി ഗ്രൂപ്പിന്റെ ഓപ്പറേഷൻസ് മാനേജർ ആണെന്നും ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടം ഉണ്ടാകുമെന്നും തച്ചങ്കരി കോടതിയെ അറിയിച്ചിരുന്നു. യുഎഇയിലേയ്ക്ക് യാത്ര ചെയ്യാനും , ജോലി ചെയ്യാനും അനുമതി വേണമെന്നാണ് തച്ചങ്കരി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. എന്നാൽ ജയിലിൽ കിടക്കുമ്പോൾ ആശുപത്രിയിലായിരുന്ന ആൾ വിദേശത്ത് ജോലിയ്ക്ക് പോയിട്ട് എന്ത് ചെയ്യാൻ എന്നാണ് കോടതി ചോദിച്ചത്. ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കും. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തച്ചങ്കരിയെ നാലു വർഷത്തേയ്ക്ക് കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചിരുന്നെങ്കിലും ഹൈക്കോടതി പിന്നീട് ശിക്ഷ മരവിപ്പിച്ചിരുന്നു.

