ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ ആർ എസ് കോൺഗ്രസ് നേതാവുമായ ജഗൻ മോഹൻ റെഡ്ഡിയുടെ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ തൃഷയ്ക്കൊപ്പമെത്തി വിജയ് . വിജയുടെ അമ്മ ശോഭ ചന്ദ്രശേഖറും ഇവർക്കൊപ്പം ചടങ്ങിൽ പങ്കെടുക്കാനെത്തി. ജഗൻ മോഹൻ റെഡ്ഡിയുടെ കസിനും, രാഷ്ട്രീയ നേതാവും, വ്യവസായിയുമായ വൈ എസ് അനിൽ റെഡ്ഡിയുടെ മകളുടെ വിവാഹത്തിനാണ് വിജയും , തൃഷയുമെത്തിയത്.
ചെന്നൈ ലീലാപാലസിൽ നടന്ന വിവാഹസത്ക്കാരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബ്രൗൺസ്യൂട്ടിൽ വിജയ് എത്തിയപ്പോൾ പിങ്ക് സാരിയിലായിരുന്നു തൃഷ. ഇരുവരും ബൊക്കെയുമായി വിവാഹവേദിയിലേയ്ക്ക് വരുന്നതിന്റെയും, നവദമ്പതികൾക്ക് ആശംസ അറിയിക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വിജയ് വധുവിനും തൃഷ വരനും പൂക്കൾ സമ്മാനിച്ചു. ജഗൻ മോഹൻ റെഡ്ഡി അടക്കമുള്ളവർക്കൊപ്പം ഫോട്ടോയും എടുത്ത ശേഷമാണ് വിജയും, തൃഷയും മടങ്ങിയത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷമാണ് അനിൽ റെഡ്ഡി മകൾ ശ്രേയയുടെ വിവാഹത്തിനായി ഒരുക്കിയിരിക്കുന്നത്. ഉജ്വൽ ആണ് ശ്രേയയുടെ വരൻ. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയായിരുന്ന വൈ എസ് രാജശേഖരറെഡ്ഡിയുടെ സഹോദരന്റെ മകനാണ് അനിൽറെഡ്ഡി.
അതേസമയം ഇതാദ്യമായല്ല വിജയും തൃഷയും ഒരുമിച്ച് വിവാഹചടങ്ങിൽ പങ്കെടുക്കുന്നത്. മാർച്ചിൽ ചെന്നൈയിൽ നടന്ന സംരംഭകനും, ചലച്ചിത്ര നിർമ്മാതാവുമായ കൽപ്പാത്തി എസ് സുരേഷിന്റെയും, മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹസത്ക്കാരത്തിനും ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. വിജയുടെ ഭാര്യ സംഗീത വിവാഹമോചനത്തിന് അപേക്ഷ നൽകിയതിന് തൊട്ടുപിന്നാലെയായിരുന്നു ഇത് . പിന്നീട് സംഗീത ഹർജി പിൻവലിച്ചിരുന്നു.

