തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകി. പൊളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ ഇടപെട്ടതിനു പിന്നാലെയാണ് അംഗത്വം പുതുക്കി നൽകിയതെന്നാണ് സൂചന .പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധിക്കാൻ ബിനീഷ് മുന്നിലുണ്ടായിരുന്നു . അതിനു പിന്നാലെയാണ് അംഗത്വം പുതുക്കി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പിണറായി വിജയൻ നിർദേശം നൽകിയത്.
തിങ്കളാഴ്ച്ചയാണ് അംഗത്വം പുതുക്കിയത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ബ്രാഞ്ചിലാണ് ബിനീഷിനെ ഉൾപ്പെടുത്തിയത്. നേരത്തെ നാലു തവണ അപേക്ഷിച്ചിട്ടും ബിനീഷിന് അംഗത്വം പുതുക്കി നൽകിയിരുന്നില്ല. ലഹരി കേസിൽ അകപ്പെട്ടതോടെയാണ് ബിനീഷിനെ അംഗത്വത്തിൽ നിന്ന് പാർട്ടി നീക്കിയത് . 2003 ൽ ബിനീഷിനെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും സിപിഎം അംഗത്വം ലഭിച്ചിരുന്നില്ല.
2020 ഒക്ടോബറിലാണ് ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ബിനീഷ് ഇഡിയുടെ പിടിയിലാകുന്നത് . പിന്നാലെ ബിനീഷിന്റെ പ്രാഥമിക അംഗത്വം പാർട്ടി മരവിപ്പിക്കുകയായിരുന്നു. എസ് എഫ് ഐയിൽ അംഗമായിരിക്കെയായിരുന്നു ബിനീഷിന് പാർട്ടി അംഗത്വം ലഭിച്ചത് .2001 മുതൽ 2020 വരെ ബിനിഷിന് അംഗത്വമുണ്ടായിരുന്നു.

