മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓഫീസ് മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ നടനും അദ്ധ്യാപകനുമായ നാസർ കറുത്തേനിയ്ക്ക് സസ്പെൻഷൻ. മലപ്പുറം വിദ്യാഭ്യാസ ഡയറക്ടർ കെ.പി രമേഷ്കുമാറാണ് ഇയാളെ സസ്പെൻഡ് ചെയ്തത്. വരുന്ന മെയ് മാസത്തിൽ വിരമിക്കാനിരിക്കേയാണ് മുക്കണ്ണൻ നാസർ എന്നറിയപ്പെടുന്ന നടൻ പോക്സോ കേസിൽ അറസ്റ്റിലായത്.
വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ എൽപി വിഭാഗം അദ്ധ്യാപകനാണ് നാസർ കറുത്തേനി. നവംബർ 17 ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാസര്‍ കറുത്തേനി തന്റെ സ്വകാര്യ ഓഫീസില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്നാണ് കേസ്.
കുട്ടി സഹപാഠികളോട് കാര്യം പങ്കുവെച്ചു. തുടർന്ന് സ്കൂളിൽ വച്ച് കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. ഇതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തുവെങ്കിലും നാസറിനെ അറസ്റ്റ് ചെയ്തില്ല. പിന്നീട് നവംബർ 21 വ്യാഴാഴ്ച ഉച്ചയോടെ ഇയാൾ പോലീസിൽ കീഴടങ്ങുകയായിരുന്നു. നിലവിൽ മഞ്ചേരി സബ്ജയിലിൽ റിമാന്റിലാണ്.കുരുതി, ആടുജീവിതം, സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിലൂടെയാണ് നാസർ കറുത്തേനി ശ്രദ്ധേയനാകുന്നത്. ചില സീരിയലുകളിലും ഇയാൾ അഭിനയിച്ചിട്ടുണ്ട്.