ഗുവാഹത്തി : അസമിൽ കോൺഗ്രസിന് വൻ തിരിച്ചടി. നാഗോൺ ലോക്സഭാ എംപി പ്രദ്യുത് ബോർഡോലോയ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് ഔദ്യോഗികമായി രാജിവച്ച് ബിജെപിയിൽ ചേർന്നു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെയും അസം ബിജെപി പ്രസിഡന്റ് ദിലീപ് സൈകിയയുടെയും സാന്നിധ്യത്തിലാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.
അസം നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപാണ് കോൺഗ്രസ് പാർട്ടിക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്. . ബിജെപി സ്ഥാനാർത്ഥിയായി ഡിസ്പൂർ സീറ്റിൽ നിന്ന് അദ്ദേഹം മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്. 30 വർഷത്തെ കോൺഗ്രസ് ബന്ധമാണ് അദ്ദേഹം ഉപേക്ഷിച്ചത്.
ഭൂപെൻ ബോറയ്ക്ക് പിന്നാലെയാണ് ബോർഡോലോയിയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് രാജിവച്ചത് . രണ്ടുതവണ എംപിയും നാല് തവണ എംഎൽഎയും നിരവധി തവണ മുൻ മന്ത്രിയുമായിരുന്നു പ്രദ്യുത് ബോർഡോലോയ്.മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മ ബിജെപിയിൽ ചേരാൻ അദ്ദേഹത്തെ തുറന്ന ക്ഷണം നൽകിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ രാജിയെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ബിജെപിയിൽ ചേർന്നാൽ മുൻ അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ കുമാർ ബോറയ്ക്ക് നൽകിയ അതേ ബഹുമാനം അദ്ദേഹത്തിനും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.അസമിലെ 126 സീറ്റുകളിലേക്കും ഏപ്രിൽ 9 ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് നടക്കും. മെയ് 4 ന് വോട്ടെണ്ണൽ നടക്കും

