തിരൂർ: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ലീഗിൻ്റെ സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി അറിയിച്ച് മുസ്ലിം വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബീന റഷീദ് . വനിതാ ലീഗ് തികഞ്ഞ അവജ്ഞതയാണ് നേരിടുന്നതെന്ന് നൂർബീന പറഞ്ഞു.
“ദീർഘകാലം പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച വനിതാ നേതാക്കളെ അവഗണിക്കുന്നത് ജനാധിപത്യ നീതിയല്ല. പട്ടികയിൽ പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകുമ്പോൾ, പരിചയസമ്പന്നരായ സ്ത്രീകളെ അവഗണിച്ചു. പാണക്കാട് തങ്ങളെ വിമർശിച്ചവർക്ക് പോലും സീറ്റ് നൽകി. ഫാത്തിമ തഹിലിയയും ജയന്തിയും വനിതാ ലീഗിന്റെ പ്രതിനിധികളല്ല. ഞാൻ വനിതാ ലീഗിന് വേണ്ടിയാണ് സംസാരിക്കുന്നത്.
ഞാൻ ലീഗിൽ ഉറച്ചു വിശ്വസിക്കുന്നു. സ്ഥാനങ്ങൾക്കുവേണ്ടിയല്ല ഞാൻ സംസാരിക്കുന്നത്. ആരെങ്കിലും എനിക്ക് എത്ര വലിയ സ്ഥാനങ്ങൾ നൽകിയാലും, ഇല്ലെങ്കിലും ഞാൻ പാർട്ടി വിടില്ല. എന്റെ ജീവിതകാലം മുഴുവൻ ഞാൻ പാർട്ടിക്ക് വേണ്ടി സംസാരിച്ചു. ഞാൻ എപ്പോഴും സംഘടനയെ സംരക്ഷിച്ചിട്ടുണ്ട്.
എനിക്ക് വേദന പറയാതെ പറ്റില്ല. ഒരു സന്തോഷവും ഇല്ലാതാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വനിതാ ലീഗ് വർഷങ്ങളായി ഇവിടെയുണ്ട്, പെട്ടെന്ന് ജനിച്ചതല്ല. ലീഗിന്റെ വനിതാ സ്ഥാനാർത്ഥികൾക്കായി പ്രചാരണം നടത്തണോ എന്ന് ഞാൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. ജയന്തിയെ ലീഗിൽ വളർത്തിയത് ഞാനാണ്. ജയന്തിയെ അപമാനിച്ചോ എന്ന് വ്യക്തമാക്കട്ടെ. സമ്മർദ്ദ രാഷ്ട്രീയത്തിൽ എനിക്ക് താൽപ്പര്യമില്ല,’ നൂർബീന റഷീദ് കൂട്ടിച്ചേർത്തു.

