വയനാട് : ആസിഡ് ആക്രമണത്തിൽ 14 കാരിയ്ക്ക് ഗുരുതര പരിക്ക് . പുൽപ്പള്ളിക്കടുത്തുള്ള മരക്കാവിലാണ് സംഭവം. പ്രിയദർശിനി ട്രൈബൽ സെറ്റിൽമെന്റിൽ താമസിക്കുന്ന മഹാലക്ഷ്മിയ്ക്കാണ് പരിക്കേറ്റത് . സംഭവത്തിൽ പെൺകുട്ടിയുടെ അയൽവാസിയായ രാജു ജോസ് (53) നെ പൊലീസ് അറസ്റ്റ് ചെയ്തു .
മഹാലക്ഷ്മിയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്പിസി) യൂണിഫോം രാജു ആവശ്യപ്പെട്ടതായി പുൽപ്പള്ളി പോലീസ് പറഞ്ഞു. പെൺകുട്ടി വിസമ്മതിച്ചപ്പോൾ ഇയാൾ വീട്ടിൽ നിന്ന് ആസിഡ് കൊണ്ടുവന്ന് കുട്ടിയുടെ മുഖത്തേയ്ക്ക് ഒഴിക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
മഹാലക്ഷ്മിയുടെ നെഞ്ചിലും മുഖത്തിന്റെ ഒരു വശത്തും പൊള്ളലേറ്റു. ആദ്യം മാനന്തവാടിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ ആശങ്ക പ്രകടിപ്പിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച രാത്രി വൈകി കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിന് തൊട്ടുപിന്നാലെ പോലീസ് രാജു ജോസിനെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ, പെൺകുട്ടിയുമായുള്ള തർക്കത്തെയും യൂണിഫോം കൈമാറാൻ വിസമ്മതിച്ചതിനെയും തുടർന്ന് താൻ ആക്രമിച്ചതാണെന്ന് ഇയാൾ മൊഴി നൽകി . പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.
പ്രതിയെ ഇന്ന് സുൽത്താൻ ബത്തേരിയിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

