ന്യൂഡൽഹി : യുദ്ധസാഹചര്യം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യക്കാർ മടങ്ങുന്നു. ഇറാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി രണ്ട് വാണിജ്യ വിമാനങ്ങളാണ് ഇന്നലെ രാത്രി ഡൽഹിയിൽ എത്തിയത് . ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് നേരത്തെ തന്നെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. യാത്രയിലുള്ളവർ മടങ്ങിയെത്തണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.
വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാനിയൻ വ്യോമാതിർത്തി അടച്ചതിനാൽ ജനുവരി 15 ന് ഇന്ത്യയിൽ നിന്നുള്ള ചില വിമാനങ്ങൾ തടസ്സപ്പെട്ടിരുന്നു. ഇറാനിലൂടെയുള്ള വ്യോമഗതാഗതം പുനരാരംഭിച്ചതോടെ നിരവധി ഇന്ത്യക്കാർ മടങ്ങാൻ തീരുമാനിച്ചെങ്കിലും രാജ്യത്തെ സ്ഥിതിഗതികൾ ഇപ്പോൾ സാധാരണ നിലയിലേക്ക് നീങ്ങുന്നതായാണ് സൂചന.
ഇന്ത്യയിൽ തിരിച്ചെത്തിയവർ കേന്ദ്രസർക്കാർ നൽകിയ സഹായത്തിന് നന്ദി പറഞ്ഞു. ടെഹ്റാനിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പുകൾ നൽകുകയും ഇറാനിൽ നിന്ന് ഒഴിപ്പിക്കുന്നതിനായി ഇന്ത്യൻ തീർത്ഥാടകർ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, ബിസിനസുകാർ എന്നിവരുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
പ്രതിഷേധങ്ങളെക്കുറിച്ച് താൻ കേട്ടുവെങ്കിലും ഒരു പ്രക്ഷോഭവും കണ്ടില്ലെന്നും എന്നാൽ ഇന്റർനെറ്റ് ഇല്ലെന്നും ഇറാനിൽ നിന്നെത്തിയ വിദ്യാർത്ഥിനി പറഞ്ഞു.
“ഞങ്ങൾ പുറത്തുപോകുമ്പോൾ, പ്രതിഷേധക്കാർ കാറിന് മുന്നിൽ വരുമായിരുന്നു. അവർ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കുക്കുമായിരുന്നു. ഇന്റർനെറ്റ് ഇല്ലായിരുന്നു. അതിനാൽ, ഞങ്ങളുടെ കുടുംബങ്ങളെ അറിയിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല, ഞങ്ങൾക്ക് അൽപ്പം ആശങ്കയുണ്ടായിരുന്നു. ഞങ്ങൾക്ക് എംബസിയുമായി ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ല,” എന്നാണ് കഴിഞ്ഞ ഒരു മാസമായി ഇറാനിൽ ഉണ്ടായിരുന്ന യുവാവ് പറഞ്ഞത് .
ഡിസംബർ അവസാനവാരത്തോടെയാണ് ഇറാനിൽ സംഘർഷം പടർന്നത്. ഖമേനി ഭരണകൂടത്തിനെതിരെ വൻ പ്രതിഷേധങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഏകദേശം 3,000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

