പത്തനംതിട്ട : കാലിലെ മുറിവ് ഡ്രസ് ചെയ്തത് സർജിക്കൽ ബ്ലേഡ് ഉള്ളിൽ വച്ചാണെന്ന് രോഗിയുടെ പരാതി. പമ്പയിലെ സർക്കാർ ആശുപത്രിക്കെതിരെയാണ് ഗുരുതരമായ ആരോപണം . നെടുമ്പാശ്ശേരിയിൽ നിന്നുള്ള തീർത്ഥാടകയായ പ്രീതയാണ് ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകിയത്. ചികിത്സ തേടിയ ഒപി ടിക്കറ്റിന്റെയും, മുറിവിൽ തിരുകി വച്ച ബ്ലേഡിന്റെയും ചിത്രങ്ങളും ഇവർ പുറത്തുവിട്ടു.
പന്തളത്ത് നിന്ന് തിരുവാഭരണം ഘോഷയാത്രയ്ക്കൊപ്പം നടന്നുവന്നതാണ് പ്രീത . പമ്പയിലെത്തിയപ്പോഴാണ് കാലിൽ പൊള്ളലേറ്റതായി കണ്ടത് . തുടർന്ന് പമ്പ ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ മുറിവ് കെട്ടിയ ശേഷം പ്രീത സന്നിധാനത്ത് എത്തി ദർശനം നടത്തി. തിരിച്ചെത്തിയപ്പോൾ, വീണ്ടും ഡ്രസ് ചെയ്യാനായി അതേ ആശുപത്രിയിലേക്ക് പോയി. രാത്രിയായതിനാൽ ആശുപത്രിയിലെ എല്ലാവരും ഉറങ്ങുകയായിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം നേഴ്സിംഗ് അസിസ്റ്റാണ് വന്നത്. മുറിവിൽ വെള്ളക്കെട്ടുണ്ടെന്ന് പറഞ്ഞ് കീറിയ ശേഷം തുന്നലിടുകയും ചെയ്തു. എന്നാൽ ഡ്രസ് ചെയ്യുന്നതിനിടെ സർജിക്കൽ ബ്ലേഡ് ഉള്ളിലാകുകയായിരുന്നു.

