മലപ്പുറം: തൊടിയപുലത്ത് 14 വയസ്സുകാരിയെ 16 വയസ്സുകാരൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രതി മയക്കുമരുന്നിന് അടിമയാണെന്നാണ് സൂചന.
പിന്നോക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും പ്രതിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്ന് ഇരുവരും പഠിച്ച സ്കൂളിലെ അധ്യാപകൻ മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് നൽകിയ പ്രാഥമിക വിവരമനുസരിച്ച്, ഇന്നലെ രാത്രി 6:30 നും രാത്രി 9 നും ഇടയിലാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വ്യക്തത ലഭിക്കൂ.
പെൺകുട്ടി മാതാപിതാക്കളെ വിളിച്ച് വീട്ടിലേക്ക് വരുന്നതായി അറിയിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കണ്ടെത്തി. തുടർന്ന് അമ്മ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. പെൺകുട്ടിയുടെ ബന്ധുക്കളും പല സ്ഥലങ്ങളിലും തിരഞ്ഞു. ഇതിനിടയിൽ, പെൺകുട്ടിയുടെ ബന്ധുക്കൾ ആൺകുട്ടിയുടെ വീട്ടിലുമെത്തിയിരുന്നു. വൈകുന്നേരം 6 മണി വരെ അവൾ തന്നോടൊപ്പമുണ്ടായിരുന്നെന്നും പിന്നീട് മറ്റൊരാളോടൊപ്പം പോയെന്നുമാണ് പ്രതി ബന്ധുക്കളോട് പറഞ്ഞത്. പ്രതി ഒരു കൊടും കുറ്റവാളിയെപ്പോലെയാണ് സംസാരിച്ചതെന്നും മയക്കുമരുന്നിന് അടിമയെപ്പോലെയായിരുന്നുവെന്നും അവർ പറഞ്ഞു. പോലീസ് ഈ കാര്യവും അന്വേഷിക്കുന്നുണ്ട്.
ക്രിസ്മസ് അവധി കഴിഞ്ഞ് 16 കാരൻ സ്കൂളിൽ വന്നിട്ടില്ലെന്ന് അധ്യാപകർ പറഞ്ഞു. ജോലിക്ക് പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട് . സംഭവത്തിന് രണ്ട് ദിവസം മുമ്പ് പ്രതി പെൺകുട്ടിയുടെ വീട്ടിൽ വന്നിരുന്നു. ബലാത്സംഗം ചെയ്ത ശേഷം രക്ഷപ്പെടാനായാണ് പെൺകുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും.

