ഇറ്റാനഗർ ; മലയാളി യുവാവ് അരുണാചൽ പ്രദേശിലെ തടാകത്തിൽ മുങ്ങി മരിച്ചു . കൊല്ലം നെടുമ്പന പുത്തൻ ചന്ത മേലൂട്ട് വീട്ടിൽ ബിനു പ്രകാശ് (26) ആണ് മരിച്ചത്. തവാങ്ങിലെ സേല തടാകത്തിലാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. തടാകത്തിൽ വീണ മാധവ് മധുവിനായി തെരച്ചിൽ തുടരുകയാണ്.
വിനോദസഞ്ചാരത്തിനായി കൊല്ലത്ത് നിന്ന് എത്തിയ ഏഴംഗ സംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിലെ മൂന്നുപേർ തടാകത്തിലെ ഐസ് പാളികൾക്കു മുകളിലേക്ക് ഇറങ്ങവെ താഴ്ന്നുപോകുകയായിരുന്നു. ഇത് കണ്ട ബിനു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിൽ വീഴുകയായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം. പോലീസും ദുരന്തനിവാരണ സംഘവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. വെളിച്ചക്കുറവ് കാരണം വൈകുന്നേരം മാധവിനായുള്ള തിരച്ചിൽ നിർത്തിവച്ചു. ബിനുവിന്റെ മൃതദേഹം ജാങ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം ഇന്ന് നടക്കും.

