കോർക്ക് സിറ്റി: കോർക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പ്രതിയെ പിടികൂടാൻ പൊതുജന സഹായം തേടിയിരിക്കുകയാണ് പോലീസ്. കഴിഞ്ഞ വർഷം മാർച്ച് 29 ന് ആയിരുന്നു മക്രൂമിൽവച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്.
ഹോട്ടലിലെ ജിമ്മിലേക്ക് പോകുകയായിരുന്നു പെൺകുട്ടി. ഇവിടേയ്ക്ക് പെൺകുട്ടിയെ പിന്തുടർന്ന് എത്തിയ പ്രതിയ ഹോട്ടലിൽവച്ച് ആക്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളംവച്ചതോടെ പ്രതി രക്ഷപ്പെട്ടു. പ്രദേശത്തെ ക്യാമറ ഉൾപ്പെടെ പരിശോധിച്ചെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.
കറുത്ത ഹുഡി ധരിച്ച് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ എത്തിയായിരുന്നു പ്രതി കൃത്യം നടത്തിയത്. ദീർഘനാൾ നടത്തിയ അന്വേഷണത്തിലും ഫലം കാണാതെ വന്നതോടെ പോലീസ് പൊതുജനത്തിന്റെ സഹായം തേടുകയായിരുന്നു. പ്രതിയെ പറ്റി എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1800 40 50 60, 02620590 ഈ നമ്പറുകളിലോ അടുത്ത പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം എന്നാണ് നിർദ്ദേശം.

