ഡബ്ലിൻ: നിർമ്മിത ബുദ്ധിയുടെ ( ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ) വരവോട് കൂടിയുളള തൊഴിൽ നഷ്ടം നിരീക്ഷിക്കാൻ നിരീക്ഷണ സമിതി വേണമെന്ന് ആവശ്യം. എഐ ഉപദേശക സമിതിയാണ് സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേക്കുറിച്ച് സമതി അദ്ധ്യക്ഷൻ പട്രീഷ്യ സ്കാൻലോൺ ഒയിറിയാച്ച്ടാസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കമ്മിറ്റിയെയും അറിയിക്കും.
ഇന്ന് മനുഷ്യർ ചെയ്തിരുന്ന ജോലിയെല്ലാം ചെയ്യുന്നത് എഐ ആണെന്ന് പട്രീഷ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കി . ഇത് അയർലന്റിലെ ജനങ്ങളുടെ തൊഴിലുകൾ നഷ്ടമാകുന്നതിന് കാരണമാകും. തൊഴിൽ നഷ്ടത്തിന്റെ ആഘാതത്തെക്കുറിച്ച് നമുക്ക് പ്രവചിക്കാൻ കഴിയില്ല. നമുക്ക് ഇതിന്റെ പ്രത്യാഘാതം താങ്ങാൻ കഴിയില്ല. അതിനാൽ ഒരു എഐ നിരീക്ഷണ സമിതി ദേശീയസംവിധാനമെന്ന നിലയിൽ വേണം. അല്ലാത്തപക്ഷം ഇന്നലത്തെ മാപ്പ് ഉപയോഗിച്ച് നാളത്തെ മാറ്റങ്ങളിലൂടെ സഞ്ചരിക്കുന്നവരായി നമ്മൾ മാറുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

